ന്യൂഡെൽഹി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. രാജ്യം ഒരു ആരോഗ്യ ദുരന്തത്തെ നേരിടുന്ന സാഹചര്യത്തിൽ കോടികൾ ചിലവഴിച്ചുകൊണ്ട് നിർമാണ പ്രവർത്തനം നടത്തുന്നത് ശരിയല്ലെന്നും, അതിനാൽ തന്നെ സെൻട്രൽ വിസ്‌തയുടെ നിർമാണം ഉടൻ നിർത്തി വെക്കണമെന്നും പോളിറ്റ് ബ്യൂറോ വ്യക്‌തമാക്കി.
കോവിഡ് ബാധിതരായി രാജ്യത്ത് വീടുകളിലും, ആശുപത്രികളിലുമായി ചികിൽസയിൽ കഴിയുന്നവർക്ക് ഓക്‌സിജൻ ലഭ്യമാക്കണമെന്നും, രോഗവ്യാപനം കുറക്കുന്നതിനായി അന്താരാഷ്‌ട്ര തലത്തിൽ ലഭ്യമായ എല്ലായിടങ്ങളിൽ നിന്നും വാക്‌സിൻ വാങ്ങി രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും പിബി ആവശ്യപ്പെട്ടു. കൂടാതെ അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യവും പ്രതിമാസം 7500 രൂപയും നല്‍കണമെന്നും പിബി കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചു.
ഒപ്പം തന്നെ കേരളത്തിൽ വീണ്ടും എൽഡിഎഫ് സർക്കാരിനെ തിരഞ്ഞെടുത്തതിന് ജനങ്ങളോട് പിബി നന്ദി അറിയിക്കുകയും ചെയ്‌തു. അതേസമയം പശ്‌ചിമബംഗാളിലെ തോൽവി നിരാശാജനകമാണെന്നും, ഫലം സ്വയം വിമര്‍ശനപരമായി അവലോകനം ചെയ്‌ത് ഗൗരവത്തോടെ പഠിക്കുമെന്നും പിബി വ്യക്‌തമാക്കി.
Read also : എറണാകുളത്ത് സ്‌ഥിതി അതീവ ഗുരുതരം; 74 പഞ്ചായത്തുകൾ അടച്ചിടും