തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്‌ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു

By News Desk, Malabar News
Solar case
Ajwa Travels

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ള നേതാക്കൾക്ക് എതിരായ അന്വേഷണം തുടരുന്നു. നിലവിൽ ഉമ്മൻ ചാണ്ടിക്ക് മാത്രമാണ് ക്രൈം ബ്രാഞ്ച് ക്‌ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽ കുമാർ, എപി അബ്‌ദുള്ള കുട്ടി എന്നിവർക്കെതിരായ അന്വേഷണം തുടരുമെന്ന് ക്രൈം ബ്രാഞ്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി തെളിവുകൾ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിലെ സുപ്രധാന സാക്ഷിയും പരാതിക്കാരിയുടെ ടീം സോളാർ കമ്പനിയിലെ ജീവനക്കാരനുമായ മോഹൻദാസ് പരാതിയിൽ പറയുന്ന കാര്യങ്ങൾ നിഷേധിച്ചു. സാക്ഷികളിൽ ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. നേതാക്കൾക്ക് എതിരെ സാങ്കേതിക തെളിവുകൾ ഉണ്ടെന്ന് പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ആവർത്തിച്ച് നോട്ടീസ് നൽകിയിട്ടും അത് ഹാജരാക്കാൻ അവർ തയാറായില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

സംഭവം നടന്നുവെന്ന് പറയുന്ന സമയത്തെ അടൂർ പ്രകാശിന്റെ ടൂർ രേഖകൾ ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മസ്‌കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന അബ്‌ദുള്ള കുട്ടിക്ക് എതിരായ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ഹോട്ടൽ രേഖകൾ ഉൾപ്പടെയുള്ളവ പരിശോധിക്കുന്നുണ്ട്. ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുകയും രജിസ്‌റ്റർ പരിശോധിക്കുകയും ചെയ്‌തു. സംഭവ സമയത്തെ വസ്‌ത്രങ്ങൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയിട്ടില്ല.

ഹൈബി ഈഡനെതിരായ അന്വേഷണം കുറച്ച് കൂടി മുന്നോട്ട് പോയതായാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരം. സംഭവ സമയത്ത് പരാതിക്കാരി ധരിച്ചിരുന്ന സാരി അവർ ഹാജരാക്കിയിരുന്നു. ഇത് ഫോറൻസിക്‌ പരിശോധനക്ക് അയച്ചതായും ക്രൈം ബ്രാഞ്ച് പറഞ്ഞു. സംഭവം നടന്ന സമയത്ത് എംഎൽഎ ഹോസ്‌റ്റലിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്‌തിരുന്നു.

കെസി വേണുഗോപാലിനും എപി അനിൽ കുമാറിനും എതിരായ കേസിലും പി[പീഡനം നടന്നതിനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്. കൂടാതെ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുമെന്ന് പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. ഏഴ് വർഷം കഴിഞ്ഞതിനാൽ മൊബൈൽ ഫോൺ രേഖകളും കിട്ടിയിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

സാങ്കേതിക തെളിവുകളുടെ അഭാവം, കേസിന്റെ കാലപ്പഴക്കം എന്നിവ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട് പരിശോധിച്ച ശേഷമാകും സോളാർ കേസ് ഏറ്റെടുക്കാമോ എന്നത് സംബന്ധിച്ച് സിബിഐ തീരുമാനമെടുക്കുക.

Also Read: പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്‌ബിയിൽ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE