ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ നേരിടാൻ തമിഴ്‌നാട് സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് രൂക്ഷമായി വിമർശിച്ച് ടിവികെ അധ്യക്ഷനും (തമിഴക വെട്രി കഴകം) നടനുമായ വിജയ്. വോട്ട് ചെയ്‌ത ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ല. ജനങ്ങൾക്ക് പ്രാഥമിക സുരക്ഷ പോലും ഒരുക്കിയില്ലെന്നും വിജയ് വിമർശിച്ചു.
ദുരിതബാധിതരെ കണ്ട് ഫോട്ടോ എടുത്താൽ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമോ? ധനസഹായം നൽകി കണ്ണിൽ പൊടിയിടുകയാണ് സർക്കാർ ചെയ്യുന്നത്. എതിർക്കുന്നവർക്ക് എല്ലാം കാവി നിറം നൽകിയാൽ ജനങ്ങളെന്നും കൂടെ നിൽക്കുമെന്ന് കരുതരുതെന്നും വിജയ് പറഞ്ഞു. ടിവികെ പ്രവർത്തകരോട് ദുരന്തബാധിതർക്കൊപ്പം നിൽക്കാനും വിജയ് ആഹ്വാനം ചെയ്‌തു.
അതിനിടെ, ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായ വിതരണം നടത്തി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്‌ഥാനത്ത് വെച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്‌ക്കരുതെന്ന് വിജയ് ഇന്നലെ ട്വീറ്റ് ചെയ്‌തിരുന്നു.
അതേസമയം, ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട്ടിൽ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. പ്രളയക്കെടുതിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തിന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായി സംസാരിച്ചു.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ