ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്

By News Desk, Malabar News

പാലക്കാട്: ആലത്തൂർ എംപി രമ്യാ ഹരിദാസിന് നേരെ വധഭീക്ഷണിയെന്ന് പരാതി. ആലത്തൂരിലെ സിപിഎം പ്രവർത്തകർക്ക് എതിരെയാണ് എംപി പരാതി നൽകിയിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് നാസർ ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. തന്നെ റോഡിൽ തടഞ്ഞുനിർത്തി വധഭീഷണി മുഴക്കിയെന്നാണ് എംപിയുടെ ആരോപണം.

ഭീഷണിയിൽ തളരുന്നവളല്ല താനെന്നും രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജീയുടെ പിൻമുറക്കാരിയാണെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെ ആയിരുന്നു എംപിയുടെ പ്രതികരണം. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. ആലത്തൂരിലെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്‌ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ പോവുകയായിരുന്നു എംപി. ഇതിനിടെ ഒരു ഇടതുപക്ഷ നേതാവ് കേട്ടാൽ അറയ്‌ക്കുന്ന തെറി പറഞ്ഞു.

സ്‌ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിന്റെ ജൻമദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്‌റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തെന്ന് എംപി തന്റെ ഫേസ്ബുക്ക്‌ പേജിൽ കുറിച്ചു. ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്‌ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നുപോലും അറിയാത്ത രീതിയിലേക്ക് ഇടതുപക്ഷക്കാർ മാറിക്കഴിഞ്ഞോയെന്നും എംപി ചോദിച്ചു.

‘ആലത്തൂര് കയറിയാൽ കാലുവെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം’- രമ്യ കൂട്ടിച്ചേർത്തു.

സഞ്ചരിക്കാനുള്ള തന്റെ സ്വാതന്ത്ര്യം തടസപ്പെടുത്തുകയും തെറിവിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്‌തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും എംപി വ്യക്‌തമാക്കി.

Also Read: ഇലക്‌ട്രിക്‌ വാഹനങ്ങളുമായി നിരത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി എംവിഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE