പാലക്കാട്: ചോദ്യം ചെയ്യുന്നതിനിടെ മോഷണക്കേസ് പ്രതിയിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഒറ്റപ്പാലത്തിനടുത്ത് ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഈസ്‌റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പോലീസിനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
മോഷണക്കേസിൽ മുഹമ്മദ് ഫിറോസ് അറസ്‌റ്റിലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതി കൊല നടത്തിയ വിവരം കൂടി വെളിപ്പെടുത്തിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നൽകിയ മൊഴി. വെളിപ്പെടുത്തലിൽ അമ്പരന്ന പോലീസ് പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ചിനക്കത്തൂർ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ പ്രതിയുമായി പട്ടാമ്പി-ഒറ്റപ്പാലം പോലീസ് സംഘം സംഭവ സ്‌ഥലത്ത് പോയി പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
Most Read: മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിൽ വാഹനാപകടം; 4 മരണം