മലപ്പുറം: കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരികെയെത്തി. അർധരാത്രിയോടെയാണ് ചാലിബ് മടങ്ങിയെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാട് വിട്ടതെന്ന് വീട്ടിലെത്തിയ ശേഷം ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെ ചാലിബ് ഭാര്യയെ ഫോണിൽ ബന്ധപ്പെട്ടതാണ് കുടുംബത്തിന് ആശ്വാസമായത്.
തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും മാനസിക പ്രയാസങ്ങൾ നേരിടുന്നുവെന്നും മാത്രമാണ് ഫോണിലൂടെ ചാലിബ് ഭാര്യയോട് പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്‌റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് ഭാര്യയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു.
ചാലിബിനെ കാണാനില്ലെന്ന് ബന്ധുക്കൾ ബുധനാഴ്‌ച രാത്രിയാണ് തിരൂർ പോലീസിൽ പരാതി നൽകിയത്. തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് ചാലിബ്. ബുധനാഴ്‌ച വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് ഇതുവരെ വീട്ടിലെത്തിയില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ് വീട്ടിലെത്താൻ വൈകുമെന്ന് ഭാര്യയെ വിളിച്ചറിയിച്ചിരുന്നു.
രാത്രി എട്ടുമണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നും പോലീസും എക്‌സൈസുമൊത്ത് പരിശോധനയുള്ളതിനാൽ വീട്ടിലെത്താൻ വൈകുമെന്നും മെസേജ് അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണിൽ കിട്ടിയില്ല. പോലീസ് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പരിശോധന നടന്നിട്ടില്ലെന്ന് സ്‌ഥിരീകരിച്ചു. ഇതോടെയാണ് കുടുംബം തിരൂർ പോലീസിൽ പരാതി നൽകിയത്. കോഴിക്കോടാണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചിരുന്നത്.
Most Read| പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി