കണ്ണൂർ: കണ്ണൂരിലെ ദൂരദർശൻ റിലേ കേന്ദ്രം പൂട്ടുന്നു. മങ്ങാട്ടുപറമ്പ് എൻജിനിയറിങ് കോളേജിന് സമീപമുള്ള കെട്ടിടം ഈ മാസം 31 ഓടെ പൂട്ടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ കണ്ണൂരിൽ നിന്നുള്ള സംപ്രേക്ഷണം നിലയ്‌ക്കും. 35 വർഷം മുൻപാണ് കണ്ണൂരിൽ ആദ്യമായി ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്. അനലോഗ് സംവിധാനത്തിലാണ് ദൂരദർശൻ പ്രവർത്തിക്കുന്നത്. എന്നാൽ, അനലോഗിന് പകരം ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് കാലം മാറിയതോടെ നിലയത്തിന്റെ ആവശ്യം ഇല്ലാതായി.
ആന്റിന ഉപയോഗിച്ചാൽ മാത്രം ലഭിക്കുന്ന സംപ്രേഷണം ആളുകൾക്ക് വേണ്ടാതായതോടെയാണ് നിലയം പൂട്ടുന്നത്. ഇനി ദൂരദർശൻ പരിപാടികൾ ലഭിക്കാൻ പ്രത്യേക ഡിടിഎച്ച് സംവിധാനത്തിലേക്ക് പോകേണ്ടിവരും. എന്നാൽ, സ്വകാര്യ കേബിളുകൾ വ്യാപകമായ സ്‌ഥിതിക്ക് ആരും ദൂരദർശന്റെ ഡിടിഎച്ച് എടുക്കാൻ സാധ്യത ഇല്ലെന്നും അധികൃതർ വ്യക്‌തമാക്കി. 1985 ലാണ് സംസ്‌ഥാനത്ത് ആദ്യമായി ദൂരദർശൻ സെന്റർ കണ്ണൂരിൽ സ്‌ഥാപിച്ചത്. പള്ളിക്കുന്നിൽ നിലവിലുള്ള റേഡിയോ സ്‌റ്റേഷന് സമീപമുള്ള ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാർട്ടേഴ്‌സിലായിരുന്നു സെന്ററിന് തുടക്കം.
കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി എല്ലാം ഇതിന്റെ കീഴിൽ ആയിരുന്നു. പിന്നീടാണ് റിലേ സ്‌റ്റേഷൻ തുടങ്ങിയത്. നിലവിൽ ഇവിടെ 13 ജീവനക്കാരാണ് ഉള്ളത്. ഇവരെ മറ്റ് സ്ഥലങ്ങളിലേക്ക് മറ്റും. അതേസമയം, സംസ്‌ഥാനത്തെ 11 റിലേ സ്‌റ്റേഷനുകളും പൂട്ടുന്നുണ്ട്. സ്‌റ്റേഷൻ നിർത്തുന്നതോടെ ജീവനക്കാരുടെ നിലനിൽപ്പും ആശങ്കയിൽ ആയിട്ടുണ്ട്. നിലവിൽ ഉള്ള 90 ശതമാനം പേരും 2025 ഓടെ പിരിയേണ്ടവരാണ്.
Most Read: ലഖിംപൂർ ഖേരിയിൽ രാഷ്‌ട്രീയ നേതാക്കൾക്ക് പ്രവേശനം; തീരുമാനം ഇന്ന്