മനുഷ്യാധമന്റെ ഭാഷ; സുധാകരനെതിരെ ഡിവൈഎഫ്ഐ

By Syndicated , Malabar News
dyfi-against-kpcc-president
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകൻ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്ഐ. ഈ വിഷയത്തിൽ തൃക്കാക്കരക്കാര്‍ മറുപടി നല്‍കുമെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ പറഞ്ഞു. സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ് സുധാകരൻ ഉപയോഗിക്കുന്നത് എന്നും ചിന്തന്‍ ശിബിരത്തില്‍ വെച്ച് അസഭ്യവര്‍ഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണമെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ വാക്കുകള്‍ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണ്. ചിന്തന്‍ ശിബിരത്തില്‍ വെച്ച് അസഭ്യ വര്‍ഷത്തിനുള്ള ഉപരി പഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയില്‍ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തു വന്നത്.

വികസനം മുഖ്യ അജണ്ടയായ തിരഞ്ഞെടുപ്പില്‍ നവകേരള സൃഷ്‌ടിക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വിറളി പിടിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയില്‍ തമ്പടിച്ചത് കണ്ട് കെ സുധാകരന്‍ വിഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാര്‍ത്തി നല്‍കാന്‍ പോകുന്നതെന്ന് കൂടി പറയണം’- ഡിവൈഎഫ്ഐ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കെപിസിസി അധ്യക്ഷൻ വിവാദ പരാമർശം നടത്തിയത്.

‘അയാളെ നിയന്ത്രിക്കാൻ ആരുമില്ല’ എന്നായിരുന്നു സുധാകരന്റെ മറ്റൊരു പരാമർശം. ‘ചങ്ങലയിൽ നിന്നും പൊട്ടിയ പട്ടി എങ്ങനെയാണ് അതു പോലെ നടക്കുകയല്ലേ മുഖ്യമന്ത്രി. അയാളെ നിയന്ത്രിക്കാനും പറഞ്ഞു മനസിലാക്കാനും ആരുമില്ല. തേരാ പാരാ നടക്കുകയാണ്’, എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം. കെപിസിസി അധ്യക്ഷനെതിരെ ഇതിനോടകം വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Read also: ബ്രണ്ണനിൽ ഓടിയ ഓട്ടം മറന്നുകാണില്ല; സുധാകരനോട് വീണാ ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE