കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്‌ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ അസംബന്ധമാണെന്ന് ഇഡി ഹൈക്കോടതിയിൽ. എന്നാൽ തെളിവുകൾ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജൻസിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയിൽ ആണോ എന്നാണ് സംസ്‌ഥാന പോലീസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു.
അന്വേഷണത്തിന്റെ കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന് വിശദാംശങ്ങളും കോടതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇഡിയുടെ അപേക്ഷ.
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥനായ പി രാധാകൃഷ്‌ണനാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡി വിശദീകരിക്കുന്നത്. സ്വർണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നിൽ ഉണ്ടെന്നും ഇഡി വ്യക്‌തമാക്കുന്നു.
Read Also: മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ