പെരിന്തൽമണ്ണ: ഏലംകുളത്ത് പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട 21കാരിയുടെ പിതാവിന്റെ കടക്ക് തീയിട്ടതും പ്രതി വിനീഷ് എന്ന് പോലീസ്. പെൺകുട്ടിയുടെ പിതാവ് ബാലചന്ദ്രന്റെ സികെ സ്‌റ്റോർസ് എന്ന കടയിൽ കൊലപാതകത്തിന് തലേദിവസം തീപിടുത്തമുണ്ടായിരുന്നു. പിതാവിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു പ്രതിയുടെ നീക്കമെന്നാണ് പോലീസ് കണ്ടെത്തൽ. ആസൂത്രിതമായ കൊലപാതകമാണ് ഏലംകുളത്ത് നടന്നതെന്നും പോലീസ് പറഞ്ഞു.
പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. മെഡിക്കൽ പരിശോധനക്ക് ശേഷമാണ് തെളിവെടുപ്പ് നടത്തുക. കൊലപാതകം നടന്ന സ്‌ഥലത്തും പെൺകുട്ടിയുടെ പിതാവിന്റെ സ്‌ഥാപനത്തിലും തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് റിമാൻഡ് ചെയ്‌തേക്കും.
പെരിന്തൽമണ്ണ ഏലംകുളം സ്വദേശിനി ദൃശ്യ(21)യെ കുത്തിക്കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതു മൂലമുള്ള വൈരാഗ്യത്തെ തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് പ്രതി വിനീഷ് (21) തനിച്ചാണെന്നും പെൺകുട്ടിയെ ശല്യം ചെയ്‌തതിന് മൂന്ന് മാസം മുൻപ് പ്രതിയെ താക്കീത് ചെയ്‌തിരുന്നെന്നും പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ 8 മണിയോടെയാണ് പ്രതി വിനീഷ്, ദൃശ്യയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി രണ്ടാം നിലയിലുള്ള മുറിയിലെത്തി കൊലപ്പെടുത്തിയത്.
ദൃശ്യയെ കുത്തുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീ(13)ക്കും പരിക്കേറ്റിരുന്നു. അതേസമയം, ദേവശ്രീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. പെൺകുട്ടിയെയും സഹോദരിയെയും അക്രമിക്കാനുപയോഗിച്ച കത്തി ഇന്നലെ പോലീസ് സംഘം കണ്ടെടുത്തിരുന്നു.
Read also: സ്വകാര്യ ബസ് സർവീസിനുള്ള പ്രത്യേക ക്രമീകരണം പ്രായോഗികമല്ല; ഉടമകളുടെ സംഘടന