അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും. ഇതോടെ വികസനം അതിവേഗത്തിലാകുമെങ്കിലും നിലമ്പൂർ പാതയുടെ പ്രധാന ആകർഷണമായ കാനനഭംഗിക്ക് കോടാലി വീഴും. വൈദ്യുതക്കാലുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം വാടാനാംകുർശിയിൽ ആരംഭിച്ചത്. ഒക്‌ടോബർ അവസാനത്തോടെ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. 66 കിലോമീറ്റർ പാതയും 4 കിലോമീറ്റർ വരുന്ന അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളും ഉൾപ്പടെ 70 കിലോമീറ്റർ വൈദ്യുതീകരിക്കുന്നതിന് 1300 കാലുകളാണ് സ്‌ഥാപിക്കുന്നത്.
ഇവയിലൂടെ കാന്റിലിവർ രീതിയിലാണ് വൈദ്യുതക്കമ്പികൾ കടന്നുപോകുക. ഇതിനായി ട്രാക്കിന് സമീപത്തെ നൂറ് കണക്കിന് മരങ്ങൾ വെട്ടിമാറ്റേണ്ടി വരും. ഇതു സംബന്ധിച്ചുള്ള റെയിൽവേയുടെ കണക്കെടുപ്പ് പൂർത്തിയായി. സതേൺ റെയിൽവേയ്‌ക്ക് കീഴിലുള്ള 8 വൈദ്യുതീകരണ പ്രോജക്‌ടുകളിലൊന്നാണ് ഇത്. ഇവയ്‌ക്കെല്ലാം കൂടി 587.53 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആവശ്യമായ വൈദ്യുതിക്ക് മേലാറ്റൂരിലാണ് ട്രാക്‌ഷൻ സബ് സ്‌റ്റേഷൻ നിർമിക്കുക. മേലാറ്റൂരിലെ 110 കെവി സബ് സ്‌റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുർശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളിൽ സ്വിച്ചിങ് സ്‌റ്റേഷനുകളുണ്ടാകും.
നിലമ്പൂരിൽ പവർ വാഗൺ ഷെഡും ഓവർഹെഡ് എക്യുപ്‌മെന്റ് ഡിപ്പോയും ഓഫിസും ക്വാർട്ടേഴ്‌സുകളും ഒരുക്കും. ഇതോടെ പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരിക്കാത്ത പാതകൾ ഉണ്ടാകില്ല. വേഗം കൂടിയ മെമു സർവീസ് ആരംഭിക്കാനാവും. എറണാകുളം- ഷൊർണൂർ, കോയമ്പത്തൂർ- ഷൊർണൂർ മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടാനും കഴിയും. മെമു സർവീസുകൾ നിലമ്പൂരിലേക്കു നീട്ടാനും കഴിയും. മെമു സർവീസ് എത്തുന്നതോടെ എഞ്ചിൻ തിരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ നിലമ്പൂരിൽ എത്തി അര മണിക്കൂറോളം കാത്തു കിടക്കുന്ന നിലവിലെ സ്‌ഥിതി ഒഴിവാകും.
Also Read: സിനിമാ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമം അനിവാര്യം; പി സതീദേവി