സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; നിരാഹാരവുമായി സഹതടവുകാർ

By News Desk, Malabar News

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണത്തിൽ വൻ പ്രതിഷേധവുമായി ഭീമ കൊറഗാവ് തടവുകാർ. സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭീമ കൊറഗാവ് കേസിൽ അദ്ദേഹത്തോടൊപ്പം പ്രതി ചേർക്കപ്പെട്ട് തടവിൽ കഴിയുന്ന 10 മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇവർ ജയിലിൽ ഇന്ന് ഏകദിന നിരാഹാര സമരം അനുഷ്‌ഠിച്ചു.

സ്‌റ്റാൻ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദികൾ എൻഐഎയും തലോജ ജയിൽ മുൻ സൂപ്രണ്ട് കുർലേക്കറുമാണ്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ആനന്ദ് തെൽതുംബ്‌ഡെ, റോണാ വിൽസൺ, ഗൗതം നവലാഖ, അരുൺ ഫെറീറ, സുരേന്ദ്ര ഗാഡ്‌ലിംഗ, സുധീർ ധവ്‌ളെ, മഹേഷ് റാവുത്ത്, വെർനോൺ ഗോൺസാൽവസ് എന്നിവരാണ് നവി മുംബൈയിലെ തലോജ ജയിലിൽ നിരാഹാരമിരുന്നത്.

2017 ഡിസംബർ 30ന് പൂനെയിലെ ശനിവാർ എൽഗാർ പരിഷത് സമ്മേളനത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് സ്‌റ്റാൻ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരെ ബിജെപി സർക്കാർ യുഎപിഎ ചുമത്തി തടവിലാക്കിയത്. 2018 ജനുവരി ഒന്നിന് ദളിത് സംഘടനകൾ നടത്തിയ ഭീമ കൊറഗാവ് യുദ്ധവിജയത്തിന്റെ 200ആം വാർഷികാഘോഷത്തിനിടെ നടന്ന അക്രമത്തിന് ഇവരുടെ പ്രസംഗങ്ങൾ കാരണമായെന്ന് ആയിരുന്നു എൻഐഎയുടെ വാദം.

കഴിഞ്ഞ ഒക്‌ടോബറിൽ ജയിലിൽ അടക്കപ്പെട്ട സ്‌റ്റാൻ സ്വാമി പാർക്കിൻസൺ രോഗമുൾപ്പടെ അലട്ടിയിരുന്ന ആളായിരുന്നു. ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായതിനാൽ സിപ്പർ കപ്പും സ്‌ട്രോയും അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ജയിൽ അധികൃതർ മുഖവിലക്ക് എടുത്തിരുന്നില്ല. ഈ വയോധികന്റെ ആവശ്യം നിറവേറ്റാൻ കോടതിക്കും ആഴ്‌ചകൾ വേണ്ടിവന്നു. ഇതിനിടെ ജയിലിൽ വെച്ച് കോവിഡ് ബാധിച്ചതോടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി.

എൻഐഎയുടെ പ്രത്യേക കോടതിയിലും ഹൈക്കോടതിയിലും നിരവധി തവണ കയറിയിറങ്ങിയിട്ടും സ്‌റ്റാൻ സ്വാമിക്ക് ജാമ്യം അനുവദിച്ചില്ല. ഒടുവിൽ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കുന്നതിനിടെ ഹോളിഫാമിലി ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.

ആരോഗ്യനില വഷളായിട്ടും അദ്ദേഹത്തിന് തുടർച്ചയായി ജാമ്യം നിഷേധിച്ചതും തെളിവുകളില്ലാതെ യുഎപിഎ ചുമത്തി ജയിലിൽ അടച്ചതും അന്വേഷണ വിധേയമാക്കണമെന്ന് സഹതടവുകാർ ആവശ്യപ്പെട്ടു. നിരാഹാര സമരം അനുഷ്‌ഠിക്കുന്ന വിവരം തടവുകാർ തങ്ങളുടെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. കസ്‌റ്റഡിയിലിരിക്കെ സ്വാമിയേ ഉപദ്രവിക്കാനുള്ള എല്ലാ അവസരവും എൻഐഎയും മുൻ പോലീസ് സൂപ്രണ്ടും ഉപയോഗിച്ചിരുന്നതായി ഇവർ പ്രസ്‌താവനയിൽ ആരോപിച്ചു.

ആരോഗ്യസ്‌ഥിതി ഗുരുതരമായിട്ടും അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി. ജയിലിൽ പേരിന് പോലും ചികിൽസ നൽകിയില്ല. സ്‌ട്രോയും സിപ്പർ കപ്പുകളും ഉൾപ്പടെയുള്ള അടിസ്‌ഥാന ആവശ്യങ്ങളും അധികൃതർ നിഷേധിച്ചു. ഇവയൊക്കെ അധികൃതരുടെ ക്രൂരതകൾക്ക് ഉദാഹരണമാണെന്ന് തടവുകാർ ചൂണ്ടിക്കാട്ടി. തലോജ ജയിൽ അധികൃതർ വഴി തങ്ങളുടെ ആവശ്യങ്ങൾ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് സമർപ്പിക്കുമെന്നും ഇവർ വ്യക്‌തമാക്കി.

വിവിധ ബാരക്കുകളിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകർ ചൊവ്വാഴ്‌ച സ്‌റ്റാൻ സ്വാമി അനുസ്‌മരണം സംഘടിപ്പിച്ചിരുന്നു. രണ്ട് മിനിറ്റ് മൗനം ആചരിക്കുകയും ചെയ്‌തു. തലോജ ജയിലിലെ പുതിയ സൂപ്രണ്ട് അനുസ്‌മരണത്തിൽ പങ്കെടുത്തതായി ഇവരുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

Also Read: 11 മന്ത്രിമാർ പുറത്ത്; പുനഃസംഘടനക്ക് ശേഷം സഭയിൽ 43 പുതിയ മന്ത്രിമാർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE