കണ്ണൂർ: ആത്‌മകഥാ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ. തന്റെ ആത്‌മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പരാതിയിൽ പറയുന്നു.
ആത്‌മകഥയിലെ ഭാഗം എന്ന് പറഞ്ഞു മാദ്ധ്യമങ്ങളിൽ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തുവന്ന ആത്‌മകഥയിലെ ഭാഗങ്ങൾ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജൻ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ, ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്‌സ് മാദ്ധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചിരുന്നില്ല. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനേയും സർക്കാരിനെയും വെട്ടിലാക്കിയാണ് രാവിലെ തന്നെ ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം ഉടലെടുത്തത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്‌മകഥയിൽ പറയുന്നതായാണ് റിപ്പോർട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’