തിരുവനന്തപുരം: ഇപി ജയരാജന്റെ സാമ്പത്തിക ആരോപണം മുഖ്യവിഷയമാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ നിർണായക സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്‌ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും. ഇപിക്കെതിരായ ആരോപണം പരിശോധിക്കുന്നത് പിബി സംസ്‌ഥാന നേതൃത്വത്തിന് വിട്ടതോടെ വിവാദത്തിൽ സെക്രട്ടറിയേറ്റ് യോഗത്തിന്റെ നിലപാട് നിർണായകമാകും.
ആരോപണങ്ങൾ പ്രതിരോധിക്കാൻ ഒരിടവേളക്ക് ശേഷം സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്ന ഇപി, സംസ്‌ഥാന സമിതിയിൽ ജയരാജൻ ഉന്നയിച്ച പരാതിയിൽ തന്റെ നിലപാട് പാർട്ടിയെ അറിയിക്കും. ഇപിയുടെ വിശദീകരണത്തിന്റെ കൂടി അടിസ്‌ഥാനത്തിലാകും തുടർനടപടി. ആരോപണങ്ങളിൽ അന്വേഷണം വേണമോ എന്നതും സംസ്‌ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും.
വിശദീകരണം തൃപ്‌തികരം അല്ലെങ്കിൽ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചാലും ഇപിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കേന്ദ്രീകരിച്ചു മാത്രമാകും അന്വേഷണം. അതേസമയം, കണ്ണൂരിലെ ആയുർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപം ഇല്ലെന്നാകും ഇപിയുടെ വിശദീകരണം.
മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേശ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും യോഗത്തിലും അദ്ദേഹം വിശദീകരിക്കുക. കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്‌ചാത്തലത്തിലാണ് ഇപി ജയരാജൻ വിശദീകരണം നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന.
Most Read: ഫുട്‌ബോൾ ഇതിഹാസത്തിലെ ഒരേയൊരു രാജാവ്; പെലെ വിടവാങ്ങി