നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ

By News Desk, Malabar News
Evidence will be taken from the actress; Extensive search for culprits
Ajwa Travels

കൊച്ചി: യുവനടിയെ മാളിൽ അപമാനിച്ച സംഭവത്തിൽ പോലീസ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രവേശന കവാടത്തിൽ രേഖപ്പെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കും. നടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും 24 മണിക്കൂറിന് ശേഷം ഒരാളെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. വനിതാ, യുവജന കമ്മീഷനുകൾ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൂർണമായും ലുലു മാൾ അധികൃതർ പോലീസിന് കൈമാറി. പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഇതിൽ നിന്നും ലഭിച്ചിട്ടുണ്ട്. പ്രതികളുടെ വാഹനങ്ങൾ ഉൾപ്പടെ തിരിച്ചറിഞ്ഞെന്നാണ് വിവരം. മാസ്‌ക് ധരിച്ചിരുന്നതിനാൽ പ്രതികളുടെ മുഖം വ്യക്‌തമാകാത്തത് അന്വേഷണത്തിന് തിരിച്ചടിയായി. തുടർന്ന്, കൂടുതൽ വ്യക്‌തത ലഭിക്കാൻ സമീപ പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

പോലീസിൽ നേരിട്ട് പരാതി നൽകിയില്ലെങ്കിലും തനിക്കുണ്ടായ ദുരവസ്‌ഥ നടി സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് വ്യാപക പ്രതിഷേധം ഉയർന്നത്. ഇടപ്പള്ളിയിലെ ലുലു ഷോപ്പിങ് മാളിൽ വ്യാഴാഴ്‌ച കുടുംബ സമേതം എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ ചേർന്ന് അപമാനിച്ചെന്നും തന്റെ ശരീരത്തിൽ സ്‌പർശിച്ചെന്നുമായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ നടിയുടെ കുറിപ്പ്. മാളിലെ ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് പ്രതികൾ നടിയെ പിന്തുടർന്നത്. പിന്നീട് ആളൊഴിഞ്ഞ ഇടനാഴിയിൽ വെച്ച് ശരീരത്തിൽ സ്‌പർശിച്ച് കടന്ന് പോവുകയും ചെയ്‌തു.

മനഃപൂർവ്വമല്ല എന്ന് കരുതി നടി പ്രതികരിച്ചില്ല. പിന്നീട് കൗണ്ടറിൽ പണം അടക്കാൻ നിൽക്കുമ്പോൾ പ്രതികൾ വീണ്ടും അരികിലെത്തി ശല്യം ചെയ്യുകയായിരുന്നെന്ന് നടി പറയുന്നു. നടിയുടെ അമ്മ അടുത്തെത്തിയപ്പോഴാണ് യുവാക്കൾ സ്‌ഥലം വിട്ടത്. നടിയുടെ കുറിപ്പ് ശ്രദ്ധയിൽ പെട്ട കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ ഉടൻ തന്നെ അന്വേഷണം നടത്താൻ കളമശേരി പോലീസിന് നിർദ്ദേശം നൽകി. തുടർന്ന് നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം പോലീസ് അമ്മയിൽ നിന്ന് പരാതി എഴുതി വാങ്ങി.

മാളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്‌തമാണെന്നും കുറ്റമറ്റതാണെന്നും ലുലു മാൾ അധികൃതർ അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Also Read: 10, പ്‌ളസ് 2 പരീക്ഷ സമയക്രമം നിശ്‌ചയിച്ചു; നടക്കുക വിദ്യാര്‍ഥി സൗഹൃദ പരീക്ഷകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE