സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടൽ; കോൺഗ്രസ് സുപ്രീം കോടതിയിൽ

By Desk Reporter, Malabar News
covid-death-compensation
Ajwa Travels

ന്യൂഡെൽഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്‌റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) എന്നിവയുടെ ഡയറക്‌ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഓര്‍ഡിനന്‍സിന് എതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്ന് കോൺഗ്രസ് വക്‌താവ്‌ രണ്‍ദീപ് സുർജേവാല ഹരജിയില്‍ ആരോപിച്ചു.

രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്‌ടർമാരുടെ കാലാവധിയാണ് അ‌ഞ്ച് വര്‍ഷമാക്കി സർക്കാർ ഓർഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോൺഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

കേന്ദ്ര സർക്കാരിന്റെ ഓര്‍ഡിനന്‍സിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസി ഡയറക്‌ടർമാരുടെ കാലാവധി നീട്ടുന്നത് അന്വേഷണ ഏജന്‍സിയുടെ നിഷ്‌പക്ഷതക്ക് എതിരായ ആക്രമണമാണെന്ന് മഹുവ ആരോപിച്ചു.

ഇഡി ഡയറക്‌ടർ എസ്‌കെ മിശ്രയുടെ കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടും ഓര്‍ഡിനന്‍സ് ഇറക്കി കാലാവധി നീട്ടിയ നടപടിയെ മഹുവ വിമര്‍ശിച്ചു. “മിശ്രജി തന്റെ യജമാനൻമാർക്ക് വേണ്ടി ചെയ്യുന്ന എന്ത് വൃത്തികെട്ട ജോലിയാണ് അയാളെ ഒഴിച്ചുകൂടാനാവാത്തവൻ ആക്കിയത്? വെറുതെ ചോദിക്കുന്നു,”- മഹുവ ചോദിച്ചു. ഈ മാസം 17ന് മിശ്രയുടെ രണ്ട് വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെ ആണ് കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

നേരത്തെ എസ്‌കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹരജി എത്തിയിരുന്നു. ഹരജിയിൽ വാദം കേട്ട കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. രണ്ട് വർഷം വരെയായിരുന്നു ഡയറക്‌ടർമാരുടെ കാലാവധി.

Most Read:  ഇന്ത്യ-ചൈന ചർച്ച ഇന്ന്; ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE