ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരന്‍ മാര്‍ക്ക് എസ് ലൂക്കി. ഡെല്‍ഹി കലാപ സമയത്ത് വിദ്വേഷം പടര്‍ത്തുന്ന പോസ്‌റ്റുകള്‍ ഫേസ്ബുക്ക് വഴി വ്യാപകമായി പ്രചരിച്ചുവെന്നാണ് ആരോപണം. വിദ്വേഷത്തില്‍ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നതെന്ന് ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിക്ക് മുന്‍പില്‍ ലൂക്കി മൊഴി നല്‍കി.
ഫേസ്ബുക്കിന്റെ കമ്യൂണിറ്റി സ്‌റ്റാന്‍ഡേര്‍ഡ് അടക്കമുള്ള വിഷയങ്ങളില്‍ അന്നത്തെ ഫേസ്ബുക്ക് പോളിസി ഹെഡ്ഡുമാര്‍ അമിതമായി ഇടപെടല്‍ നടത്തിയെന്നും അത് മൂലം പ്രവര്‍ത്തന രഹിതമായെന്നും ലൂക്കി ആരോപിക്കുന്നുണ്ട്. ഡെല്‍ഹി കലാപത്തെ ആളിക്കത്തിക്കാന്‍ ഇത് സഹായിച്ചെന്നും അദ്ദേഹം പറയുന്നു.
‘ഫേസ്ബുക്ക് നിങ്ങളോട് പറയുന്നത് അവര്‍ ഒരു ടെലിഫോണ്‍ പോലെയാണ് എന്നാണ്, എന്നാല്‍ അവര്‍ ഇ-മെയിലോ ടെലിഫോണോ അല്ല. എല്ലാസമയവും സക്രിയമായി ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്ന മാദ്ധ്യമമാണ് ഫേസ്ബുക്ക്. എപ്പോഴും അതിന്റെ അല്‍ഗോരിതം മാറിക്കൊണ്ടിരിക്കും. അത് ചില കാര്യങ്ങളെ മുകളില്‍ എത്തിക്കും, ചിലതിനെ താഴേക്കും എത്തിക്കും. അതിനാല്‍ സംഘര്‍ഷങ്ങളും, തെറ്റായ വിവരങ്ങളും ഉടലെടുക്കാന്‍ ഫേസ്ബുക്ക് സ്വാധീനം ചെലുത്തുന്നു. നിര്‍ഭാഗ്യം എന്ന് പറയട്ടെ അത് കാരണം കുറേപ്പേര്‍ക്ക് ജീവനും നഷ്‌ടപ്പെടുന്നു, അതിനാല്‍ ഇത് തടയണം.’ ലൂക്കിയുടെ മൊഴിയില്‍ പറയുന്നു.
അതേ സമയം പുതിയ ആരോപണം സംബന്ധിച്ച് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. സെപ്റ്റംബറില്‍ ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതിക്ക് മുന്‍പില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഫേസ്ബുക്ക് സുപ്രീം കോടതിയെ സമീപിച്ചു. സമിതിക്ക് ഫേസ്ബുക്കിനെ വിളിച്ചുവരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും.
Read Also: ‘ബംഗാളില്‍ അല്‍ ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്‍’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്