വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക് മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ മസ്‌ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററും പകുതിയോളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
വിവരം പങ്കുവെച്ചത് സിഇഒ സക്കർബർഗ് തന്നെയാണ്. ചെലവ് വർധിക്കുകയും വരുമാനം കുറയുകയും ചെയ്‌ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടത്. ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച് ചൊവ്വാഴ്‌ച യോഗം ചേർന്നിരുന്നു. യോഗത്തിൽ വളരെ നിരാശനായാണ് സക്കർബർഗിനെ കാണപ്പെട്ടത്. കമ്പനിയുടെ തെറ്റായ നടപടികൾക്കും വളർച്ചയെക്കുറിച്ചുള്ള അമിതമായ ശുഭാപ്‌തി വിശ്വാസത്തിനും താൻ ഉത്തരവാദിയാണെന്ന് മാർക്ക് സക്കർബർഗ് യോഗത്തിൽ പറഞ്ഞു.
‘ഇന്ന് ഞാൻ പറയാൻ പോകുന്നത് മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങളെ സംബന്ധിച്ചാണ്. ടീമിന്റെ വലുപ്പം ഏകദേശം 13% കുറക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇതുമൂലം പ്രതിഭാധനരായ 11000ത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്‌ടപ്പെടുക. ഇത് എല്ലാവർക്കും പ്രയാസകരമാണെന്ന് അറിയാം, അതുകൊണ്ടുതന്നെ ബാധിക്കപ്പെട്ടവരോട് ഞാൻ ക്ഷമ ചോദിക്കുന്നു.‘ -മാർക്ക് സക്കർബർഗ് ബ്ളോഗിൽ പറഞ്ഞു.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടികയിൽ സാന്നിധ്യം രേഖപ്പെടുത്തിയ സക്കർബർഗ് ഇപ്പോൾ കോടീശ്വരൻമാരുടെ പട്ടികയിൽ 29ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്‌സിന്റെ റിയൽ ടൈം ബില്യണയർമാരുടെ പട്ടിക പ്രകാരം മാർക്ക് സക്കർബർഗിന്റെ ആസ്‌തി ഇപ്പോൾ വെറും 33.5 ബില്യൺ ഡോളറാണ്. എലോൺ മാസ്‌കിന്റേത് 202.6 ബില്യൺ ഡോളറാണ്.
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്‌ടോക്കിൽനിന്നുള്ള മൽസരം കടുത്തതുമാണു മെറ്റക്ക് തിരിച്ചടിയായത്. കമ്പനി നേതൃത്വത്തിലുള്ള നിക്ഷേപകരുടെ ആത്‌മവിശ്വാസകുറവും ഓഹരി വിപണിയിൽ വലിയ പ്രതിസന്ധിയാണ് മെറ്റക്ക് സൃഷ്‌ടിക്കുന്നത്. ഉപയോക്‌താക്കളുടെ പരാതികളുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നതും മെറ്റക്ക് തിരിച്ചടിയായി. ഇതിന്റെ പ്രഫലനമാണ് മെറ്റയുടെ ഓഹരി ഈ വർഷം 73% കുറഞ്ഞത്.
Most Read: സ്വവര്‍ഗ ലൈംഗികത മാനസിക വൈകല്യം; ഖത്തർ ലോകകപ്പ് അംബാസഡര്‍