കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ടെത്തിയാകും മൊഴി രേഖപ്പെടുത്തുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
അഗളി ഡിവൈഎസ്‌പി ഇതിനായി ഇന്ന് എറണാകുളത്ത് എത്തും. വിദ്യയുടെ കാലടി സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയർന്ന ആരോപണം പരിശോധിക്കുന്ന ഉപസമിതി ഇന്ന് ഓൺലൈനായി യോഗം ചേർന്ന് പരിഗണനാ വിഷയങ്ങൾ നിശ്‌ചയിച്ചേക്കും. അതേസമയം, വിദ്യ ഇപ്പോഴും ഒളിവിലാണ്. അതിനിടെ, വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
കേസിന് പിന്നിൽ രാഷ്‌ട്രീയ കാരണങ്ങളാണെന്നും ജാമ്യമില്ലാ വകുപ്പ് ബാധകമാകില്ലെന്നും കാണിച്ചുള്ള ഹരജി കോടതി ഇന്ന് പരിഗണിച്ചേക്കും. ഹരജിക്കാരിയുടെ കരിയറും സൽപ്പേരും തകർക്കാൻ ലക്ഷ്യമിട്ടുള്ള കേസാണെന്നും അവിവാഹിതയായ യുവതിയെ അന്യായമായി അറസ്‌റ്റ് ചെയ്‌ത് തടങ്കലിൽ വെക്കുന്നത് നീതിയെ പരിഹസിക്കുന്ന നടപടിയാണെന്നും ഹരജിയിൽ പറയുന്നു.
Most Read: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് ഉണ്ടാവുമെന്ന് ബ്രിജ് ഭൂഷൺ