വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ കുരുക്കിലേക്ക്

By News Desk, Malabar News
shahida kamal_controversy
Ajwa Travels

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസിൽ സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമലിനെതിരെ കുരുക്ക് മുറുകുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്നാണ് ഷാഹിദയ്‌ക്കെതിരായ ആരോപണം. ഡോക്‌ടറേറ്റ്‌ അടക്കമുള്ള വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നുള്ള പരാതിയും ആരോപണവും നിലനിൽക്കവേ വിചിത്ര വാദങ്ങളുമായി ഷാഹിദ നേരത്തെ രംഗത്തെത്തിയിരുന്നു.

വട്ടപ്പാറ സ്വദേശി അഖിലാ ഖാനാണ് ഷാഹിദയ്‌ക്കെതിരെ ലോകായുക്‌തയെ സമീപിച്ചത്. അഖിലയുടെ ഹരജി പരിഗണിക്കവേ ലോകായുക്‌തയ്‌ക്ക് നൽകിയ സത്യവാങ് മൂലത്തിലായിരുന്നു ഷാഹിദയുടെ വിചിത്ര വാദങ്ങൾ. കസാഖിസ്‌ഥാനിലെ ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്‌ളിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ്‌ ലഭിച്ചതെന്നാണ് ഷാഹിദ പറയുന്നത്. സാമൂഹിക രംഗത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾക്ക് നൽകിയ ഓണററി ഡോക്‌ടറേറ്റ് ആണിതെന്നും ഷാഹിദ അവകാശപ്പെട്ടു.

തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുകളുണ്ടെന്ന് വനിതാ കമ്മീഷനിൽ ഷാഹിദ സമ്മതിച്ചിരുന്നു. 2009ലും 2011ലും തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത വെച്ചതിൽ പിഴവുണ്ടായെന്ന് ഷാഹിദ സമ്മതിച്ചു. തന്റെ ഡിഗ്രി കേരള സർവകലാശാലയിൽ നിനല്ലെന്നും അണ്ണാമലൈ സർവകലാശാലയിൽ നിന്നാണെന്നും ആയിരുന്നു വിശദീകരണം.

എന്നാൽ, സത്യസന്ധത ബോധ്യപ്പെടുത്തണമെങ്കിൽ ഷാഹിദ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നാണ് ലോകായുക്‌ത നിർദ്ദേശിച്ചിരിക്കുന്നത്. കസാഖിസ്‌ഥാനിലെ സർവകലാശാല എങ്ങനെയാണ് ഷാഹിദയെ കുറിച്ച് അറിഞ്ഞതെന്നും ലോകായുക്‌ത ചോദിച്ചു. സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതെ സത്യസന്ധത തെളിയിക്കാനാകില്ലെന്നും ലോകായുക്‌ത വ്യക്‌തമാക്കി. ഡിസംബർ ഒൻപതിനാണ് ലോകായുക്‌ത വീണ്ടും കേസ് പരിഗണിക്കുന്നത്. അന്ന് സർട്ടിഫിക്കറ്റുകളെല്ലാം ഹാജരാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വ്യാജ വിദ്യാഭ്യാസ യോഗ്യതയുടെയും രേഖകളുടെയും പിൻബലത്തിൽ ഷാഹിദ കമാൽ ജനങ്ങളെ പറ്റിക്കുന്നു എന്ന് ആരോപിച്ച് അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. ഷാഹിദ ഡിഗ്രി പാസായിട്ടില്ലെന്ന കേരള സർവകലാശാലയുടെ വിവരാവകാശ രേഖയുടെ അടിസ്‌ഥാനത്തിലായിരുന്നു അഖിലയുടെ ആരോപണം. ഡിഗ്രി പോലും പാസാകാത്ത ഷാഹിദക്ക് ഡോക്‌ടറേറ്റ് എങ്ങനെ കിട്ടിയെന്ന ചോദ്യം അഖില മാദ്ധ്യമങ്ങൾക്ക് മുന്നിലും ആവർത്തിച്ചിരുന്നു.

വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷൻ അംഗമാകാൻ 2017ൽ നൽകിയ ബയോഡേറ്റയിൽ ഷാഹിദ നൽകിയിരുന്നത്. എന്നാൽ പിഎച്ച്‌ഡി നേടിയതായി 2018 ജൂലൈയിൽ ഷാഹിദ ഫേസ്‌ബുക്കിൽ പോസ്‌റ്റിട്ടു. കഴിഞ്ഞ മാസം 25ന് ഫേസ്‌ബുക്കിൽ പോസ്‌റ്റ്‌ ചെയ്‌ത ഒരു വീഡിയോയിൽ പബ്‌ളിക് അഡ്‌മിനിസ്‌ട്രേഷനിൽ പിജിയും കൂടാതെ ഡി ലിറ്റും നേടിയെന്ന് ഷാഹിദ അവകാശപ്പെട്ടിരുന്നു. നിലവിലെ വിദ്യാഭ്യാസ വ്യവസ്‌ഥ അനുസരിച്ച് ഇത് അസാധ്യമാണെന്ന് പരാതിക്കാരി അഖില ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഷാഹിദ കുറ്റം ചെയ്‌തിട്ടുള്ളതിനാൽ നടപടി വേണമെന്നാണ് ലോകായുക്‌തക്ക് നൽകിയ പരാതിയിലെ ആവശ്യം. ഷാഹിദ ബികോം പാസായിട്ടില്ലെന്ന് കേരള സർവകലാശാലയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖ, വനിതാ കമ്മീഷനിൽ സമർപ്പിച്ച ബയോഡേറ്റ, തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ് മൂലം, വനിതാ കമ്മീഷൻ വെബ്‌സൈറ്റിന്റെ സ്‌ക്രീൻ ഷോട്ട്, ഷാഹിദയുടെ ഫേസ്ബുക്ക്‌ പോസ്‌റ്റ്, വീഡിയോ എന്നിവയും ഹരജിയ്‌ക്കൊപ്പം അഖില നൽകിയിട്ടുണ്ട്.

Also Read: ദത്ത് വിവാദം; തെറ്റ് പറ്റിയിട്ടില്ല, കുറ്റം തെളിയുംവരെ ഷിജു ഖാന് പിന്തുണയെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE