കോഴിക്കോട്: ഡോക്‌ടറേറ്റ് വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും മൂന്ന് മാസത്തിനിടെ 36 വാർത്തകൾ ഉണ്ടായെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ. ഇത്രയും കാലം പ്രതികരിക്കാതെ ഇരുന്നത് കോടതിയുടെ പരിഗണനയിൽ ഇരുന്ന വിഷയം ആയതിനാലാണെന്നും അവർ പറഞ്ഞു.
വനിതാ കമ്മീഷൻ അംഗമാകാൻ വിദ്യാഭ്യാസ യോഗ്യത പറയുന്നില്ലെങ്കിലും 10 വർഷം മുമ്പ് നടന്ന കാര്യം വിവാദമാക്കി. തന്റെ സർട്ടിഫിക്കറ്റുകൾ ലോകായുക്‌ത പരിശോധിച്ചു പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടതാണ്- ഷാഹിദാ കമാൽ പറഞ്ഞു. ചില മാദ്ധ്യമങ്ങൾ വ്യാജ വാർത്തയിലൂടെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു.
യുഡിഎഫിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ മുസ്‌ലിംങ്ങളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് നയമെന്നും ഷാഹിദ കമാൽ പറഞ്ഞു. താൻ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് അണ്ണാമലെ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും പിഎച്ച്ഡി ലഭിച്ചത് കസക്കിസ്‌ഥാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നാണെന്നും അവർ അറിയിച്ചു. മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ സംരക്ഷണം നൽകുന്നുണ്ടെന്നും അത് തന്നെയാണ് കരുത്തെന്നും ഷാഹിദ പറഞ്ഞു.
Read Also: ഗവർണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി രാജിവയ്‌ക്കണം; രമേശ് ചെന്നിത്തല