കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടബാധ്യതയെ തുടർന്ന് കർഷക ആത്‍മഹത്യ. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് വിഷം കഴിച്ചു കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയ ദേവസ്യ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
കൽപ്പറ്റയിലെ സ്വകാര്യ ആശുപതിയിലും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലും ദേവസ്യയെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവിധ ബാങ്കുകളിലായി 18 ലക്ഷത്തോളം രൂപയുടെ കടബാധ്യത ദേവസ്യക്ക് ഉണ്ടായിരുന്നതായാണ് വിവരം. കൃഷിക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് ഇയാൾ ബാങ്കുകളിൽ നിന്ന് കടമെടുത്തത്.
എന്നാൽ, തിരിച്ചടവ് മുടങ്ങിയതോടെ കടുത്ത മനോവിഷമത്തിലായ ദേവസ്യ വിഷം കഴിച്ചു ആത്‍മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ കോഴിക്കോടും ജപ്‌തി ഭീഷണിയിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കിയിരുന്നു. കോഴിക്കോട് പേരാമ്പ്ര കുരുടിമുക്ക് കോരത്ത്കുനി വേലായുധൻ ആണ് മരിച്ചത്. ബാങ്കിലെ ജപ്‌തി ഭീഷണിയെ തുടർന്നാണ് വേലായുധൻ തൂങ്ങിമരിച്ചത്.
Most Read: ‘ദി കേരള സ്‌റ്റോറി’; അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി