തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറിക്ക് അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. സിനിമയുടെ പ്രദർശനം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹരജി പരിഗണിച്ച കോടതി അടിയന്തിര സ്‌റ്റേ എന്ന ആവശ്യം തള്ളി.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. ടീസർ മാത്രം കണ്ടു സിനിമയെ വിലായിരുത്താൻ ആകുമോയെന്നും ഹരജിക്കാരനോട് കോടതി ചോദിച്ചു. സിനിമാ പ്രദർശനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്‌റ്റഡി സർക്കിൾ എൻജിഒ ഭാരവാഹി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം സിനിമയിൽ നിന്ന് നീക്കം ചെയ്യണം, സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നും ആയിരുന്നു ഹർജിക്കാരന്റെ ആവശ്യം. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഉള്ളതാണെന്നും നിലവിൽ പത്ത് രംഗങ്ങൾ മാത്രമേ സെൻസർ ബോർഡ് നീക്കം ചെയ്‌തിട്ടുളളൂവെന്നും ഹരജിക്കാരൻ കുറ്റപ്പെടുത്തുന്നു.
അതേസമയം, വിവാദങ്ങൾക്കിടെ, സ്‌റ്റോറിയുടെ യൂട്യൂബ് ഡിസ്‌ക്രിപ്ഷൻ വിവരം അണിയറ പ്രവർത്തകർ തിരുത്തി. 32,000 യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം, ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പിൽ നൽകിയിരുന്നത്.
മതപരിവർത്തനത്തിലൂടെ രാജ്യവിട്ട പെൺകുട്ടികളുടെ കണക്കിൽ ഉറച്ചു നിൽക്കുന്നുവെന്ന് സംവിധായകൻ സുദീപ്‌തോ സെൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമർശം സിനിമ കണ്ടാൽ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. സിനിമക്കായി ഏഴ് വർഷം ഗവേഷണം നടത്തി. സെൻസർ ബോർഡ് രണ്ടു മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും സുദീപ്‌തോ സെൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡിസ്‌പ്‌ക്രിപ്ഷനിൽ മാറ്റം വരുത്തിയത്.
Most Read: എഐ ക്യാമറ; കരാർ നേടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ- ശോഭാ സുരേന്ദ്രൻ