ന്യൂഡെൽഹി: ബുറാഡിയിൽ പോലീസ് അനുവദിച്ച നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാതെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. നിരങ്കാരിയിലേക്ക് നേരത്തെ എത്തിയ കർഷക സംഘം അവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത പ്രക്ഷോഭത്തെ തുടർന്ന് സമരത്തിന്റെ മൂന്നാം ദിവസവും ഡെൽഹി അതിർത്തി സ്‌തംഭിച്ചിരിക്കുകയാണ്. ഇതോടെ രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ‘ഡെൽഹി ചലോ മാർച്ച്’ അനിശ്‌ചിത കാല സമരമായി തുടരാനാണ് സാധ്യത.
പോലീസ് അനുമതി നൽകിയതിനെ തുടർന്നാണ് നിരങ്കാരി മൈതാനത്തേക്ക് നീങ്ങാൻ കർഷകർ തീരുമാനിച്ചത്. അതേസമയം, ഡെൽഹി-ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്‌ഥ നില നിൽക്കുകയാണ്. കർഷകരും പോലീസും അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടി. പാർലമെന്റ് പരിസരത്തോ ജന്തർ മന്തറിലോ രാംലീല മൈതാനത്തോ എത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് കർഷകരാണ് അതിർത്തിയിൽ പ്രക്ഷോഭവുമായി തുടരുന്നത്.
Also Read: കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്
ന്യൂഡെൽഹി പരിസരത്ത് ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. ഡിസംബർ മൂന്നിന് കർഷകരുമായി ചർച്ച നടത്താനാണ് കേന്ദ്ര തീരുമാനം. അതുവരെ പ്രതിഷേധവുമായി തലസ്‌ഥാനത്ത് തുടരാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ദിവസങ്ങളോളം താമസിച്ച് സമരം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും കർഷകർ കരുതിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ ട്രാക്‌ടറിലാണ് എത്തിച്ചിരിക്കുന്നത്.
പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. കാർഷിക ബില്ലുകൾ കർഷകർക്ക് ഗുണകരമാണെന്ന പ്രചാരണമാണ് കേന്ദ്രം ഇപ്പോൾ നടത്തുന്നത്. ഇത്തരം പ്രചാരണങ്ങളുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.