പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്‌നിരക്ഷാ സേന. പമ്പയിലെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണമെന്ന് അഗ്‌നിരക്ഷാ സേന ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നിലയ്‌ക്കൽ മുതൽ സന്നിധാനം വരെയുള്ള സ്‌ഥലങ്ങളിൽ പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പമ്പയിലോ നിലയ്‌ക്കലോ അഗ്‌നിരക്ഷാ സേനക്ക് സ്‌ഥിരം സ്‌റ്റേഷൻ വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
നിലവിൽ പമ്പയിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നതാണ്. ഈ കെട്ടിടങ്ങളിൽ ഒന്നില്‍ പോലും അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് അഗ്‌നിരക്ഷാ സേനയുടെ കണ്ടെത്തൽ. വിദഗ്‌ധ പരിശോധനകൾക്ക് ശേഷം മാത്രമേ കെട്ടിടങ്ങൾ തുറന്ന് പ്രവർത്തിക്കാവൂ. പമ്പ സർക്കാർ ആശുപത്രിയിലെ മുഴുവൻ സുരക്ഷാ സംവിധാനങ്ങളും മാറ്റി സ്‌ഥാപിക്കണം. പമ്പ ഗണപതി കോവിലിനോട് ചേർന്നുള്ള ശ്രീവിനായക ഗസ്‌റ്റ് ഹൗസിന്റെ മുകളിലുള്ള ജല സംഭരണിയുടെ കാര്യത്തിലും ആശങ്കയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നാലുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ മർദ്ദം താങ്ങാൻ കെട്ടിടത്തിന് ശേഷിയുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന വേണം. ശബരിമലയിൽ എത്തുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്‌ഥരും ഈ ഗസ്‌റ്റ് ഹൗസിലാണ് താമസിക്കുന്നത്. നിലയ്‌ക്കൽ മുതൽ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളിലെ ഫയർ ഹൈഡ്രന്റുകളിൽ പലതും പ്രവർത്തന ക്ഷമമല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഭക്‌തർ കടന്നുപോകുന്ന നീലിമല പാതയിൽ തീപിടുത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലില്ല. നീലിമല പാതയിൽ 100 മീറ്റർ അകലത്തിൽ പുതിയ ഫയർ ഹൈഡ്രന്റുകൾ സ്‌ഥാപിക്കണം. വർഷങ്ങളായി ശബരിമലയിൽ അഗ്‌നിരക്ഷാ സേനക്ക് താൽകാലിക സംവിധാനമാണ് ഒരുക്കുന്നത്. നിരവധി അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിക്കുന്ന ശബരിമലയിൽ സ്‌ഥിരം സംവിധാനം ഇല്ലാത്തത് ഇവയുടെ പരിപാലനത്തെ ബാധിക്കുന്നുണ്ടെന്നും പരാതിയുണ്ട്.
മറ്റ് വകുപ്പുകൾക്ക് സ്‌ഥിരം ഓഫിസുകൾ ഉള്ള സാഹചര്യത്തിൽ അഗ്‌നിരക്ഷാ സേനക്കും സ്‌ഥിരം സ്‌റ്റേഷൻ സ്‌ഥാപിക്കാനുള്ള പദ്ധതി മാസ്‌റ്റർ പ്ളാനിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.
Most Read: ‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം