കൊച്ചി: നഗരത്തിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ജോസഫ് മാര്‍ട്ടിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസും വനിതാ പോലീസുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ബലാൽസംഗം, തടവില്‍ വെക്കൽ, സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ലഹരിമരുന്നിന്റെ ഇടപാട് സംശയിക്കുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ 8നാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ച് രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്നത് മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ ആണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും അറസ്‌റ്റിലേക്ക് എത്തിയതും.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഏകദേശം 15 ദിവസത്തോളമാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. ജോസഫ് മാര്‍ട്ടിന് കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ അടക്കം പ്രതി സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു.
Most Read: ‘താലിബാൻ വാക്ക് പാലിച്ചില്ല’; കേന്ദ്ര സർക്കാർ