ഇനി യാത്ര തനിയെ; ജനനായകന് യാത്രാമൊഴി 

ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാണ് സംസ്‌കാരം നടക്കുക.

By Trainee Reporter, Malabar News
oommen chandy

കോട്ടയം: ആരവങ്ങളും ആർപ്പുവിളികളും അടങ്ങി. തൊണ്ടയിടറിയ മനുഷ്യ സാഗരം മൂകസാക്ഷിയായി, ജനനായകൻ ഇനി അന്ത്യവിശ്രമത്തിലേക്ക്. 53 വർഷം ഹൃദയത്തിൽ സൂക്ഷിച്ച പുതുപ്പള്ളിക്കാർ പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ ഉമ്മൻ ചാണ്ടി എന്ന തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ വിതുമ്പലടക്കി യാത്രയാക്കി.

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര സെന്റ് ജോർജ് വലിയ പള്ളിയിലേക്ക് നീങ്ങിത്തുടങ്ങി. ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് പുതുപ്പള്ളിയിലെ വീട്ടിൽ നിന്ന് വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെട്ടത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ വിലാപയാത്രയിൽ പങ്കെടുക്കുന്നുണ്ട്. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ സംസ്‌കാര ചടങ്ങുകൾ ഉടൻ ആരംഭിക്കും. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാണ് സംസ്‌കാരം നടക്കുക. 20 മെത്രോപ്പൊലിത്തമാരും 1000 പുരോഹിതൻമാരും സഹകാർമികരാകും. കർദ്ദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കുന്നുണ്ട്.

അക്ഷര നഗരിയിലെ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി തിരുനക്കര മൈതാനിയിൽ നിന്ന് ആരംഭിച്ച വികാരഭരിതയാത്ര അഞ്ചരയോടെയാണ് പുതുപ്പളളിയിലെത്തിയത്. തുടർന്ന് തറവാട് വീട്ടിലും പിന്നീട് പണി നടക്കുന്ന പുതിയ വീട്ടിലും പൊതുദർശനത്തിന് വെച്ചു. തറവാടായ കരോട്ട് വള്ളക്കാലിൽ പ്രാർഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോയത്. ഇവിടെ പ്രാർഥന പൂർത്തിയാക്കിയതിന് ശേഷമാണ് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോയത്.

തിരുവനന്തപുരത്തു നിന്ന് 12 മണിക്കൂർ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേർന്നത് 28 മണിക്കൂറോളം സമയമെടുത്തത്. ഉണ്ണാതെ ഉറങ്ങാതെ കണ്‌ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികൾ വഴിനീളെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ കാത്തുനിന്നത്. ഉമ്മൻ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങൾ നൽകിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്.

Most Read: ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE