പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തി. വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന റെയിൽവേ ട്രാക്കിന് താഴെ നടത്തിയ തിരച്ചിലിലാണ് ലക്ഷ്‌മണന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം രക്ഷപ്പെടാൻ വേണ്ടി പുഴയിലേക്ക് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഒറ്റപ്പാലത്ത് വാടകയ്‌ക്ക് താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്‌മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. റാണിയുടെ ഭർത്താവാണ് ഇന്ന് മൃതദേഹം ലഭിച്ച ലക്ഷ്‌മണൻ (48).
ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോട് കൂടിയാണ് ഷൊർണൂർ റെയിൽവേ പാലത്തിന് മുകളിൽ നിന്ന് ഇവരെ ട്രെയിൻ തട്ടിയത്. പുഴയുടെ മറുകരയിൽ വള്ളത്തോൾനഗർ റെയിൽവേ സ്‌റ്റേഷൻ ഭാഗത്ത് നിന്ന് മാലിന്യം എടുത്ത് നടന്നുവരികയായിരുന്നു പത്ത് തൊഴിലാളികളിൽ നാലുപേരാണ് അപകടത്തിൽപ്പെട്ടത്.
വളവായതിനാൽ ട്രെയിൻ എത്തിയത് ഇവർ കണ്ടില്ല. അതേസമയം, ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപവീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഷൊർണൂർ യാർഡ് മുതൽ എറണാകുളത്തേക്ക് പോകുന്ന ഭാഗം വരെയുള്ള ട്രാക്ക് വൃത്തിയാക്കുന്നതിനായാണ് റെയിൽവേ കരാർ ഏൽപ്പിച്ചത്.
മലപ്പുറം സ്വദേശി മുന്നവർ തൊണ്ടിക്കടവത്തിനായിരുന്നു കരാർ. ഈ കരാർ ജോലിക്കായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ എത്തിയതെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. കരാറുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച സംഭവിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി പാലത്തിൽ നിന്ന് പുറത്ത് കടക്കാൻ റോഡ് സൗകര്യം ഉണ്ടായിരുന്നുവെന്നും എന്നാൽ തൊഴിലാളികൾ ഇത് ഉപയോഗിക്കാതെ പാളത്തിലൂടെ തിരികെ വന്നതാണ് അപകടത്തിന് കാരണമായതെന്നും റെയിൽവേ വ്യക്‌തമാക്കി.
അപ്പ് ലൈനിൽ മാത്രമേ ട്രെയിനിന് വേഗനിയന്ത്രണം ഉണ്ടായിരുന്നുള്ളൂ എന്നും റെയിൽവേ പറയുന്നു. ഇവിടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ കടന്നുപോകൂ. എന്നാൽ, തൊഴിലാളികൾ നടന്നുവരുന്നത് ഡൗൺ ലൈനിലായിരുന്നു. ഇവിടെ വേഗനിയന്ത്രണം ഇല്ല. അതിനാലാണ് വേഗത്തിൽ വന്ന ട്രെയിൻ തൊഴിലാളികൾക്ക് കാണാൻ സാധിക്കാതിരുന്നത്. കരാറുകാരനായ മുന്നവറുമായുള്ള ഇടപാടുകൾ റദ്ദാക്കുന്നതായും തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്‌ച വരുത്തിയ ഇയാൾക്കെതിരെ ക്രിമിനൽ നടപടി എടുക്കുമെന്നും റെയിൽവേ അറിയിച്ചു.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ