തിരുവനന്തപുരം: സംസ്‌ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ‘താലോലം’ പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചു. ജൻമനായുള്ള ഹൃദയ വൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്‌ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിൽസ അനുവദിക്കുന്നതാണ് താലോലം പദ്ധതി.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിൽസ ലഭ്യമാക്കാന്‍ സാധിച്ചുവെന്ന് ആരോഗൃമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്‌ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്‌ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ് തുടങ്ങിയവക്കും ശസ്‌ത്രക്രിയ അടക്കമുള്ളവക്കും ഉള്ള ചിലവ് വഹിക്കുന്ന പദ്ധതിയാണ് താലോലം. കൂടുതല്‍ വിദഗ്‌ധ ചികിൽസ ആവശ്യമായവര്‍ക്ക് ചികിൽസാ ചിലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
മാത്രവുമല്ല ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യവും ഇല്ല. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാ മിഷന്റെ കൗണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റെ അടിസ്‌ഥാനത്തില്‍ ചികിൽസാ ചിലവ് വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടും.
താലോലം പദ്ധതി പ്രകാരമുള്ള സൗജന്യ ചികിൽസ ലഭിക്കുന്ന ആശുപത്രികൾ;
- തിരുവനന്തപുരം മെഡിക്കൽ കോളേജ്
- എസ്എടി ആശുപത്രി
- ആർസിസി
- ശ്രീ ചിത്തിര തിരുനാൾ ആശുപത്രി
- ഐക്കോൺസ് തിരുവനന്തപുരം
- ആലപ്പുഴ മെഡിക്കൽ കോളേജ്
- കോട്ടയം മെഡിക്കൽ കോളേജ്
- ഐസിഎച്ച്
- എറണാകുളം മെഡിക്കൽ കോളേജ്
- ജില്ലാ ആശുപത്രി
- തൃശൂർ മെഡിക്കൽ കോളേജ്
- ചെസ്‌റ്റ് ഹോസ്‌പിറ്റൽ
- ഐക്കോൺസ് ഷൊർണൂർ
- കോഴിക്കോട് മെഡിക്കൽ കോളേജ്
- ഐഎംസിഎച്ച്
- മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ്
- കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്
- മലബാർ കാൻസർ സെന്റർ
Also Read: കോവിഡ് വാക്‌സിൻ; 4.35 ലക്ഷം വയൽ വാക്‌സിൻ നാളെ കേരളത്തിലെത്തും