ന്യൂഡെൽഹി: സംസ്‌ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന് ഓർഡർ നൽകാൻ അനുമതി നൽകിയതായും കെജ്‌രിവാൾ അറിയിച്ചു.
‘18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. 1.34 കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള അനുമതി നൽകി കഴിഞ്ഞു. എത്രയും വേഗത്തിൽ ജനങ്ങൾക്ക് വാക്‌സിൻ നൽകും’, ഓൺലൈൻ വാർത്താ സമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.
രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ കുത്തിവെപ്പ് വേഗത്തിലാക്കും. രാജ്യത്തുടനീളം വാക്‌സിന് ഏകീകൃത വില നിശ്‌ചയിക്കണമെന്നും നിലവിലെ ഉയർന്ന വില കുറക്കാൻ വാക്‌സിൻ നിർമാതാക്കളും കേന്ദ്രസർക്കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉയർന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കേന്ദ്രസർക്കാർ നടപടിയെ കുറ്റപ്പെടുത്തി കെജ്‌രിവാൾ പറഞ്ഞു. മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18നും 45 വയസിനും ഇടയിലുള്ളവർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്.
Read Also: കോവിഡ് ഇന്ത്യ; 3.52 ലക്ഷം പുതിയ രോഗികൾ, 2812 മരണം