ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഉടൻ വർധിക്കുമെന്ന് റിപ്പോർട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ- പെട്രോളിയം മന്ത്രാലയങ്ങളും എണ്ണക്കമ്പനികളും തമ്മിൽ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
വില വർധനക്ക് കേന്ദ്ര സർക്കാർ സമ്മതം മൂളുമെന്നാണ് എണ്ണക്കമ്പനി അധികൃതരുടെ പ്രതീക്ഷ. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ മേയ് 15ന് മുൻപ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
വില വർധന കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ചുരൂപ വർധിച്ചേക്കുമെന്നാണ് സൂചന. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർധനവും ഉണ്ടായേക്കാം. കഴിഞ്ഞ നാലുവർഷത്തിനിടെ ഇന്ധനവില വർധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്.
പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന ആശങ്കകൾക്കിടെയാണ് ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നത്. ഹോർമുസ് കടലിടുക്ക്, യുദ്ധം മൂലം തടസപ്പെട്ടിരിക്കുന്നത് മൂലമാണ് ആഗോള ഊർജ വിതരണത്തെ ബാധിച്ചത്.
ഇന്ധന ഉപയോഗം കുറയ്ക്കാനും വർക്ക് ഫ്രം ഹോം പുനരാരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധനവില വർധിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































