കോഴിക്കോട്: രാമനാട്ടുകര പാറമ്മൽ റോഡിൽ രണ്ടുതവണ കക്കൂസ് മാലിന്യം തള്ളിയ കേസിൽ ടാങ്കർ ലോറി സഹിതം രണ്ടുപേർ അറസ്‍റ്റിൽ. കൊമ്മേരി പുതുക്കൊണത്ത് താഴം പെരുമ്പറമ്പിൽ വീട്ടിൽ പി റോണി (40), എറണാകുളം പുതു വൈപ്പിനിൽ പള്ളിച്ചിറ അഷ്‌റഫ് (38) എന്നിവരെയാണ് ഫറോക്ക് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇവർ മാലിന്യം തള്ളാൻ ഉപയോഗിച്ച ടാങ്കർ ലോറിയും പോലീസ് കസ്‌റ്റഡിയിലെടുത്തു.
നവംബർ 18നും ഡിസംബർ നാലിനും പുലർച്ചെ മൂന്നുമണിക്ക് ശേഷം പാറമ്മൽ റോഡിലെ രാമേശ്വരം ശിവക്ഷേത്രത്തിന് സമീപം, നെല്ലിക്കോട്ടുകാവിന് മുന്നിൽ, പുലാപ്ര മഠത്തിന് സമീപം എന്നിവിടങ്ങളിലെ ഓടകളിലാണ് കക്കൂസ് മാലിന്യം തള്ളിയത്.
ബൈപ്പാസിൽ കുറച്ചുകാലമായി രാത്രി സമയത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരുന്നു. തുടർന്ന് റോഡരികിലെ വീടുകളിലെ സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യം പരിശോധിച്ചാണ് ഫറോക്ക് പോലീസ് പ്രതികളെ കണ്ടെത്തിയത്. ചേർത്തല സ്വദേശിയായ അസ്‌ലാം എന്ന ആളാണ് മാലിന്യം തള്ളാൻ കരാർ എടുക്കുന്നത്.
ഇൻസ്‌പെക്‌ടർ ജി ബാലചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിആർ അരുൺ, ബാലകൃഷ്‌ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Malabar News: കാസർഗോഡ് ചാലിങ്കാലിൽ 10 വരി ടോൾ പ്ളാസ വരുന്നു