പെരിയ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ചാലിങ്കാലിൽ 10 വരി ടോൾ പ്ളാസ വരുന്നു. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾ പ്ളാസ ഇവിടെയാണ്. ചാലിങ്കാലിൽ നിർമാണത്തിന് മുന്നോടിയായി ഭൂമി നിരപ്പാക്കൽ പുരോഗമിക്കുകയാണ്. മരങ്ങൾ മുറിച്ചുമാറ്റി. കെട്ടിടങ്ങൾ പൊളിച്ച് നീക്കി. ടോൾ പ്ളാസ ഉൾപ്പെടുന്ന ചെങ്കള നീലേശ്വരം റീച്ചിൽ ഭൂമി നിരപ്പാക്കൽ വേഗത്തിലായി.
തെക്കിൽ, നീലേശ്വരം പാലങ്ങൾ ആറുവരിയാക്കുന്നതിന്റെ അനുബന്ധ പണിയും ആരംഭിച്ചു. തെങ്ങിൻ തടികൾ കൊണ്ടുള്ള പൈലിങ് തുടങ്ങി. വെള്ളം കെട്ടിനിർത്താനാണ് ഇത്. പിന്നീട് തൂണുകളുടെ നിർമാണം തുടങ്ങും. ചെർക്കള, മാവുങ്കാൽ പാണത്തൂർ റോഡ് ജങ്‌ഷൻ, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിൽ മേൽപ്പാലം നിർമിക്കും. ഇതിനായുള്ള അനുബന്ധ പ്രവൃത്തി വൈകാതെ തുടങ്ങും.
ചെർക്കളയിൽ 390 മീറ്റർ നീളത്തിലാണ് മേൽപ്പാലം ഒരുങ്ങുന്നത്. മൂന്ന് വരി വീതമുള്ള രണ്ട് പാലങ്ങൾ നിർമിക്കും. ഇരു പാലങ്ങൾക്കും 14 തൂണുകൾ വീതമുണ്ടാകും. ഇരുവശത്തും സർവീസ് റോഡുകളും ഉണ്ടാകും. റീച്ചിൽ ഒൻപത് അടിപ്പാതകൾ ഉണ്ടാകും. ആറെണ്ണം 24 മീറ്റർ വീതിയുള്ളതും മൂന്നെണ്ണം 12 മീറ്റർ വീതിയുള്ളതുമാണ്.
Read Also: പോലീസിന് എതിരായ വ്യാപക പരാതി; നിർണായക യോഗം ഇന്ന്