കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെ സ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഫലമായാണ് എം ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരളയാത്രയുടെ കോഴിക്കോട്ടെ പര്യടനത്തിന് തുടക്കം കുറിച്ചു കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
“ശിവശങ്കര്‍ എല്ലാ കുറ്റങ്ങളും ചെയ്‌തുവെന്ന് അന്വേഷണത്തില്‍ ബോധ്യമായതാണ്. എന്നിട്ടും ജാമ്യത്തെ എതിര്‍ക്കാത്തത് എന്തുകൊണ്ടാണ്? ഒരു മഞ്ഞുമലയുടെ അറ്റം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ മഞ്ഞുമല ഇല്ലേ? ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,”- അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനത്തിലെ യുവജന രോഷം ഭയന്നാണ് പിഎസ്‌സി റാങ്ക് ലിസ്‌റ്റ് നീട്ടിയത് എന്നും അദ്ദേഹം ആരോപിച്ചു. അല്ലാതെ ഇവര്‍ക്കാര്‍ക്കും ജോലി ലഭിക്കില്ല. താൽക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണ്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
വകുപ്പ് സെക്രട്ടറിമാര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പ് എതിര്‍ത്തിട്ടും തീരുമാനവുമായി മുന്നോട്ട് പോവുന്നത് അഴിമതിയാണ്. നിയമനങ്ങളെല്ലാം സിപിഎമ്മുകാര്‍ക്ക് മാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Also Read: ധർമടത്തെ സ്‌ഥാനാർഥിത്വം; നിലപാട് വ്യക്‌തമാക്കി ഷെമാ മുഹമ്മദ്