കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി ആവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എഐസിസി വക്‌താവ് ഷെമാ മുഹമ്മദ്. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധർമടത്ത് മൽസരിക്കാൻ തയ്യാറാണെന്ന് ഷെമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
“തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. പാർട്ടി എന്ത് പറഞ്ഞാലും ഞാൻ അത് അനുസരിക്കും, അത് എവിടെ നിന്ന് മൽസരിക്കാൻ ആവശ്യപ്പെട്ടാലും അനുസരിക്കും. ധർമടത്ത് മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ അത് സ്വീകരിക്കും. ഒരു സ്‌ഥലത്ത് നിന്ന് തന്നെ മൽസരിക്കണം എന്ന വാശിയൊന്നും മനസിലില്ല. എന്നാൽ, ഞാൻ വളർന്നതെല്ലാം കണ്ണൂരാണ്. മാതാപിതാക്കളും ഞാനും എല്ലാം കണ്ണൂരാണ്. എന്ന് കരുതി കണ്ണൂർ വേണമെന്ന ആവശ്യം ഒന്നും ഉന്നയിച്ചിട്ടില്ല. പ്രഖ്യാപനം നടത്തേണ്ടത് പാർട്ടിയാണ്,”- ഷെമാ മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35,000ത്തിലേറെ വോട്ടുകള്‍ക്ക് പിണറായി വിജയന്‍ വിജയിച്ച മണ്ഡലമാണ് ധർമടം. തുടര്‍ഭരണം ലക്ഷ്യമിട്ട് മല്‍സരിക്കാനിറങ്ങുന്ന പിണറായി വിജയനെ നേരിടാന്‍ ശക്‌തരെ തന്നെ രംഗത്തിറക്കാന്‍ കോൺഗ്രസ് തീരുമാനിച്ചാല്‍ ഷെമ സ്‌ഥാനാർഥി ആകാനാണ് സാധ്യത. 2011ലും 2016ലും മമ്പറം ദിവാകരനായിരുന്നു ഇവിടെ കോൺഗ്രസ് സ്‌ഥാനാർഥി.
കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ശക്‌തമായ സാന്നിധ്യമാകാൻ കഴിഞ്ഞ ഷെമയെ ധര്‍മടം അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
Also Read: താൽപര്യം ബിജെപി ചിഹ്‌നത്തിൽ മൽസരിക്കാൻ; മുൻ ഡിജിപി ജേക്കബ് തോമസ്