മലപ്പുറം: പൊൻമളയിൽ തൊഴിലുറപ്പ് പ്രവൃത്തിക്കിടെ സ്വർണ നിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമണ്ണിൽ കാർത്യായനിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് നിന്നാണ് നിധി ലഭിച്ചത്. തൊഴിലുറപ്പ് പ്രവൃത്തിക്കിടെ പറമ്പിലെ തെങ്ങിൻ തടം തുറക്കുന്നതിനിടെയാണ് തൊഴിലാളികൾക്ക് വീട്ടുവളപ്പിൽ നിന്ന് സ്വർണ നിധി ലഭിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം.
മൺചട്ടിക്കകത്ത് പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നാണയങ്ങളുടെയും റിങ്ങുകളുടെയും മറ്റും രൂപത്തിലുള്ള നിധിയാണ് കണ്ടെടുത്തത്. നാണയ രൂപങ്ങളിൽ ആണെങ്കിലും പ്രത്യേക അടയാളങ്ങൾ ഒന്നുമില്ല. ഓരോന്നിനും നല്ല തൂക്കവുമുണ്ട്. ലഭിച്ച ഉടനെ തൊഴിലാളികൾ ഗൃഹനാഥനെ ഏൽപ്പിക്കുകയായിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുരാവസ്‌തു വകുപ്പ് നിധി ഏറ്റെടുത്ത് ജില്ലാ ട്രഷറിയിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് പുരാവസ്‌തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പോലീസും സ്‌ഥലത്ത് എത്തിയിരുന്നു. കാർത്യായനിയുടെ മകൻ പുഷ്‌പരാജന്റെ സാന്നിധ്യത്തിൽ വില്ലേജ് അസിസ്‌റ്റന്റ് ബിജുവാണ് ട്രഷറി ഓഫിസർക്ക് നിധി കൈമാറിയത്.
Most Read: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കും