കൊച്ചി: ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് സൂരജിന്റെയും ശബ്‌ദം പരിശോധിക്കാൻ കോടതി അനുമതി നൽകി. ശബ്‌ദ പരിശോധനയുടെ തീയതി ക്രൈം ബ്രാഞ്ച് തീരുമാനിക്കും. ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോ ക്ളിപ്പിലെ ശബ്‌ദം ദിലീപ് അടക്കമുള്ള പ്രതികളുടേത് ആണോയെന്ന് ശാസ്‌ത്രീയമായി തെളിയിക്കാനാണ് പരിശോധന.
ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. ഏറ്റവും അടുത്ത ദിവസം തന്നെ പരിശോധന നടത്താനാണ് തീരുമാനം. അതേസമയം എവിടെയാണ് പരിശോധന നടത്തേണ്ടത്, എപ്പോഴാണ് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ക്രൈം ബ്രാഞ്ചാണ്. സമാനമായ പല കേസുകളിലും ശബ്‌ദ പരിശോധന നടത്തിയിട്ടുള്ളത് കൊച്ചിയിലെ ആകാശ വാണിയിലാണ്.
അവിടെ തന്നെ ദിലീപ് അടക്കമുള്ളവരുടെ ശബ്‌ദം പരിശോധിക്കുന്നതിനുള്ള നീക്കങ്ങളാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. ദിലീപ്, അനൂപ്, സൂരജ് എന്നിവരുടെ ശബ്‌ദ സാമ്പിളുകൾ ഇവിടെ നിന്നും ശേഖരിച്ച് അത് ഫോറൻസിക് ലാബിലേക്ക് അയക്കും. അതിന് ശേഷം ബാലചന്ദ്രകുമാർ പുറത്ത് വിട്ട ശബ്‌ദവും ഈ സാമ്പിളുകളും തമ്മിൽ യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഈ പരിശോധന നടത്തുന്നത് ഫോറൻസിക് ലാബിലാണ്.
ആകാശവാണിയിൽ നിന്നും ശബ്‌ദ സാമ്പിളുകൾ ശേഖരിക്കുക മാത്രമാണ് ചെയ്യുക. മൂന്ന് പ്രതികളുടേയും ശബ്‌ദം പരിശോധിക്കണമെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടതിന് ശേഷമാണ് കോടതി ഇതിന് അനുമതി നൽകിയത്.
Read Also: ‘മൂന്നാറിൽ വോട്ട് പിടിച്ചത് പരസ്യമായി ജാതി പറഞ്ഞ്’; എസ് രാജേന്ദ്രൻ