തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കോവിഡ് വാക്‌സിൻ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പിന് ഉപയോഗിക്കാനാണ് തീരുമാനം. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ ക്ഷാമം നേരിടുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്‌ത സാഹചര്യത്തിൽ സ്വകാര്യ കേന്ദ്രങ്ങൾ വൻതോതിൽ വാങ്ങി സ്‌റ്റോക്ക് ചെയ്‌തിരുന്നു. പണം ഈടാക്കിയായിരുന്നു വാക്‌സിൻ വിതരണം.
എന്നാൽ, സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യമാവുകയും ആളുകൾ കൂടുതലായി ആശ്രയിക്കുകയും ചെയ്‌തതോടെ സ്വകാര്യ കേന്ദ്രങ്ങളിലേത് കെട്ടിക്കിടക്കാൻ തുടങ്ങി. തുടർന്നാണ് സ്വകാര്യ ആശുപത്രികൾ സർക്കാരിനെ സമീപിച്ചത്. ഏറ്റെടുക്കുന്നതിന് പകരം ദീർഘ കാലാവധിയുള്ള വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് തിരികെ നൽകുമെന്ന് ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
കൈമാറ്റം ചെയ്യുന്നത് ഒരു പ്രാവശ്യത്തേക്ക് മാത്രമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഏറ്റെടുക്കുന്നവ അതേ ജില്ലയിൽ തന്നെ വിനിയോഗിക്കും. നിശ്‌ചിത ശതമാനം വാക്‌സിൻ സ്‌ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സൗജന്യ ക്യാംപുകൾക്കായി വിനിയോഗിക്കാനും നിർദ്ദേശമുണ്ട്.
2021 മാർച്ച് 21 മുതലാണ് സർക്കാർ കേന്ദ്രങ്ങൾക്കൊപ്പം സ്വകാര്യ കേന്ദ്രങ്ങൾക്കും വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയത്. സംസ്‌ഥാന സർക്കാരിന് കീഴിലെ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് സ്വകാര്യ കേന്ദ്രങ്ങൾ വഴിയുള്ള വാക്‌സിൻ വിതരണവും ഏകോപിപ്പിച്ചിരുന്നത്. എന്നാൽ, 2021 മെയിൽ കേന്ദ്രം വാക്‌സിൻ നയം പുതുക്കിയതോടെ സ്വകാര്യ കേന്ദ്രങ്ങൾക്ക് നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാൻ അവസരം ലഭിച്ചു.
Most Read: പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ