കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് ഗവര്‍ണര്‍ വീട് സന്ദര്‍ശിക്കുക.
മോഫിയ പര്‍വീണിന്റെ ആത്‍മഹത്യയിൽ സിഐ സുധീറിനെ പ്രതികൂട്ടിലാക്കുന്നതാണ് പോലീസ് എഫ്‌ഐആര്‍. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് ഇരു കൂട്ടരേയും ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരത്തിനിടെ ദേഷ്യം വന്ന് മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ മുഖത്ത് അടിച്ചു. ഇതുകണ്ട സിഐ സുധീര്‍ കയര്‍ത്തു സംസാരിച്ചു. ഒരിക്കലും സിഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമമാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ഉച്ചക്ക് 12നും വൈകുന്നേരം ആറ് മണിക്കും ഇടക്കുള്ള സമയത്താണ് മോഫിയ ആത്‍മഹത്യ ചെയ്‌തത് എന്നും എഫ്ഐആറിൽ വ്യക്‌തമാക്കുന്നു. മോഫിയ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ എഫ്‌ഐആറിലാണ് സിഐ സുധീറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പരാമർശങ്ങൾ ഉള്ളത്.
മോഫിയ പർവീൺ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിഐ സുധീറിനെ സസ്‍പെൻഡ് ചെയ്‌തിരിക്കുകയാണ്. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി കേസ് അന്വേഷിക്കും.
ഭര്‍തൃപീഡനത്തിന് പരാതി നല്‍കിയ തന്നെ സിഐ സുധീര്‍ സ്‌റ്റേഷനില്‍ വെച്ച് അധിക്ഷേപിച്ചുവെന്ന് മോഫിയ ആത്‍മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. സ്‌റ്റേഷനിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ മോഫിയ പിന്നീട് ആത്‍മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. ഭര്‍തൃമാതാവ് റുഖിയ രണ്ടാം പ്രതിയും ഭര്‍തൃപിതാവ് മൂന്നാം പ്രതിയുമാണ്.
Most Read: ഹിന്ദുക്കൾ ഇല്ലാതെ ഇന്ത്യയില്ല, രണ്ടിനെയും വേർതിരിക്കാൻ കഴിയില്ല; മോഹൻ ഭാഗവത്