ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

By Staff Reporter, Malabar News
kr-gauriyamma
Ajwa Travels

ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പിൽ കെഎ രാമൻ, പർവ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ.

തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്‌ഥമാക്കി. ഇക്കാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായ ഗൗരിയമ്മ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.

പിന്നീട് 1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം 1957ൽ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മയും അംഗമായി. ഇക്കാലയളവിലാണ് ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവ് ടിവി തോമസിനെ ഗൗരിയമ്മ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

എന്നാൽ 1964ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന് രണ്ടായപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും, ടിവി തോമസ് സിപിഐക്കൊപ്പവും നിന്നു. രാഷ്‌ട്രീയത്തിലും, വ്യക്‌തിജീവിതത്തിലും ശക്‌തമായ നിലപാടുകൾ സ്വീകരിച്ച കെആർ ഗൗരിയമ്മ 1964 മുതൽ 1994 വരെ സിപിഎമ്മിനൊപ്പം ചേർന്ന് നിന്നു, ഇക്കാലയളവിൽ കേരളത്തിലെ ഏറ്റവും ശക്‌തയായ വനിതാ നേതാവ് മാത്രമായിരുന്നില്ല ഗൗരിയമ്മ, പാർട്ടിയുടെ അവസാനവാക്ക് കൂടിയായിരുന്നു.

1980കളിലും 90കളിലും കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെആർ ഗൗരിയമ്മയുടെ പേര് പലപ്പോഴും ഉയർന്ന് കേട്ടിരുന്നു. പല തവണ അത് പാർട്ടി നേതൃത്വം പരസ്യമാക്കുകയും ചെയ്‌തു. എന്നാൽ പുറത്തറിയപ്പെടാത്ത വിഭാഗീയത ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നകറ്റിയതെന്ന് പിൽക്കാലത്ത് പല തുറന്ന് പറച്ചിലുകളുമുണ്ടായി. എങ്കിലും ഒരു പരിധിവരെ കേരള രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ആൺമേൽക്കോയ്‌മയാണ് ഗൗരിയമ്മക്കും തടസമായി നിന്നതെന്ന് അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു.

തൊണ്ണൂറുകളുടെ മധ്യത്തോടെ (1994) പാർട്ടി വിട്ട ഗൗരിയമ്മ സ്വതന്ത്രമായ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച് ഒരിക്കൽ കൂടി തന്റെ നിലപാട് വ്യക്‌തമാക്കി. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടിയുടെ പിറവി അവിടെയായിരുന്നു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുമായി ഒത്തുചേർന്നാണ് ഗൗരിയമ്മയും പാർട്ടിയും പ്രവർത്തിച്ചിരുന്നത്.

KR-GAURIYAMMA
ഗൗരിയമ്മ സഹപ്രവർത്തകർക്ക് ഒപ്പം (പഴയകാല ചിത്രം)

2001ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ഗൗരിയമ്മ വീണ്ടും നിർണായക ശക്‌തിയായി മാറി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മൽസരിച്ച ജെഎസ്എസ് നാലെണ്ണത്തിലും വിജയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് (2016) അവർ വീണ്ടും ഇടതുമുന്നണിയിലേക്ക് തന്നെ എത്തിയെന്നതാണ് വിരോധാഭാസം. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുമുന്നണിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു അവർ.

കേരള രാഷ്‌ട്രീയത്തിലെ തകർക്കപ്പെടാത്ത ഒരുകൂട്ടം റെക്കോഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്, നിയമസഭയിലേക്ക് ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തി, ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി, കേരളത്തിൽ ആദ്യമായി രാഷ്‌ട്രീയപാർട്ടി രൂപീകരിച്ച വനിത തുടങ്ങിയവയാണ് അത്.

gauriyamma-tv-thomas
കെആർ ഗൗരിയും ഭർത്താവ് ടിവി തോമസും

1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് ആക്‌ട് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം), കേരളാ ലാൻഡ് കൺസർവൻസി ആക്‌ട് (ഭൂസംരക്ഷണനിയമം) തുടങ്ങി തന്റെ ഭരണകാലത്ത് ഗൗരിയമ്മ നടപ്പിൽ വരുത്തിയ നിയമങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നവയാണ്.

ഏകദേശം എട്ട് പതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നക്ഷത്രമായിരുന്നു കെആർ ഗൗരിയമ്മ, വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും ഏത് കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വ്യക്‌തിത്വം കൂടിയായിരുന്നു അവരുടേത്. കെആർ ഗൗരിയമ്മക്ക് മലബാർ ന്യൂസിന്റെ ആദരാഞ്‌ജലികൾ.

Read Alsoജനപ്രിയ സിനിമകളുടെ ശില്‍പി; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE