ഗൗരിയമ്മയുടെ ജീവിതം; ചരിത്ര നിമിഷത്തിന് സാക്ഷിയായ യുവ സംവിധായകൻ അഭിലാഷ് കോടവേലി പറയുന്നു

By Staff Reporter, Malabar News
KR-GAURIYAMMA
Ajwa Travels

കാലത്തെ സാക്ഷിയാക്കി ‘ഗൗരിയമ്മ‘യെന്ന ചുവന്ന താരകം അസ്‌തമിക്കുമ്പോള്‍ ആ പോരാട്ട ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിന്റെ ഓര്‍മ്മകൾ പങ്കുവയ്‌ക്കുകയാണ് യുവസംവിധായകന്‍ അഭിലാഷ് കോടവേലി. കെആര്‍ ഗൗരിയമ്മയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ നേർസാക്ഷ്യം പ്രേക്ഷകർക്ക് മുൻപിലേക്ക് സമഗ്രമായി അവതരിപ്പിച്ച ‘കാലം മായ്‌ക്കാത്ത ചിത്രങ്ങള്‍‘ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് അഭിലാഷ്.

ഗൗരിയമ്മയുടെ ഇതുവരെ പറയാത്ത ജീവിതമായിരുന്നു ആ ഡോക്യുമെന്ററിയുടെ പ്രമേയം. ഒപ്പം കേരളത്തിന്റെ സാമൂഹ്യ-രാഷ്‌ട്രീയ ജീവിതം കൂടി ഒപ്പിയെടുത്ത ഒരു ഹ്രസ്വചിത്രം. ഗൗരിയമ്മയെക്കുറിച്ച് 2014ല്‍ എഴുതിയ ഒരു കവിതയില്‍ നിന്നായിരുന്നു ആ ഡോക്യുമെന്ററിയുടെ തുടക്കമെന്ന് സംവിധായകന്‍ പറയുന്നു.

തന്റെ ജീവിതം വരികളിൽ കോർത്തിട്ട ആ കവിത ഗൗരിയമ്മ തന്നെ പലയാവര്‍ത്തി വായിച്ച് തിരുത്തി ഡോക്യുമെന്ററിയാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പൊതുവെ ഇത്തരം കാര്യങ്ങളോട് വിമുഖത കാണിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഗൗരിയമ്മ എന്തുകൊണ്ടോ ഒരു മകനോടെന്ന വാൽസല്യത്തോടെ തന്റെ ഡോക്യുമെന്ററിയോട് സഹകരിക്കുകയായിരുന്നു എന്ന് അഭിലാഷ് കോടവേലി ചൂണ്ടിക്കാട്ടി.

KR-GAURIYAMMA
സെന്റ് തെരേസാസ് കോളേജിൽ വച്ച് ഗൗരിയമ്മ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നു

ഗൗരിയമ്മയുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട വഴികളും സ്‌കൂളും കലാലയങ്ങളുമൊക്കെ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പഠിക്കുമ്പോള്‍ എകെജിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഗൗരിയമ്മയെ കോളേജില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് ഡോക്യുമെന്ററിയുടെ ഭാഗമായിട്ടാണ് 63 വര്‍ഷത്തിനുശേഷം സെന്റ് തെരേസാസിന്റെ ക്യാമ്പസില്‍ ഗൗരിയമ്മ പ്രവേശിച്ചത് !!!

ആ ചരിത്ര മുഹൂര്‍ത്തത്തിൽ സെന്റ് തെരേസാസ് കോളേജ് അവധി നല്‍കി മുഴുവന്‍ വിദ്യാർഥിനികളെയും അണിനിരത്തി ഗൗരിയമ്മക്ക് സ്വീകരണമൊരുക്കി കൊണ്ട് പഴയ കടം വീട്ടി. അവിടെ വച്ചാണ് ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആയിരക്കണക്കിന് വിദ്യാർഥിനികളെ സാക്ഷിയാക്കി ഗൗരിയമ്മ നിര്‍വ്വഹിച്ചത്. അതൊരു പക്ഷേ കാലം കരുതിവച്ച കാവ്യനീതിയാവാം. അത്രമേൽ മനോഹരമായിരുന്നു ആ നിമിഷങ്ങളെന്ന് അഭിലാഷ് പറയുന്നു.

പിന്നീട് തന്റെ രാഷ്‌ട്രീയ-സാമൂഹ്യ ജീവിതം പറഞ്ഞുകൊണ്ട് ഗൗരിയമ്മ അവിടെ വച്ച് വിദ്യാർഥിനികളുമായി ഒരു സംവാദവും നടത്തി. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഒരു നിയോഗമാണെന്ന് അഭിലാഷ് കോടവേലി പറഞ്ഞു.

ABHILASH-KODAVELI
സംവിധായകൻ അഭിലാഷ് കോടവേലി

പൊതുവെ കര്‍ക്കശ സ്വഭാവക്കാരിയായ ഗൗരിയമ്മ ഒരു കൊച്ചുകുട്ടിയെന്ന പോലെ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തില്‍ പ്രായത്തിന്റെ അവശതകൾ പോലും മറന്ന് സഹകരിച്ചു. ആ അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തിന് പ്രകാശം പരത്തുകയായിരുന്നു എന്നും അഭിലാഷ് പറയുന്നു.

വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്‌ണൻ, എംഎ ബേബി, അഡ്വ. എഎം ആരിഫ് എംപി, അഡ്വ. എ ജയശങ്കര്‍ തുടങ്ങിയവരുടെ ഗൗരിയമ്മയുമായുള്ള ഓര്‍മ്മകള്‍ പങ്കിടുന്ന ഡോക്യുമെന്ററി 2016 മെയ് 13നാണ് റിലീസ് ചെയ്‌തത്. അഭിലാഷ് കോടവേലി രചിച്ച് വേണു തിരുവിഴ സംഗീതം നല്‍കി അനില ജേക്കബും കൂറ്റുവേലി ബാലചന്ദ്രനും ആലപിക്കുന്ന ഒരു ഗാനം കൂടി ഡോക്യുമെന്ററിയില്‍ ഉൾപ്പെടുത്തിയിരുന്നു.

ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറില്‍ റഹിം റാവുത്തറായിരുന്നു നിര്‍മാണം. കഴിഞ്ഞ ദിവസം അഭിലാഷ് കോടവേലി ഗൗരിയമ്മക്ക് വേണ്ടി എഴുതി സമർപ്പിച്ച മറ്റൊരു കവിതയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ‘കാലം മായ്‌ക്കാത്ത ചിത്രങ്ങള്‍‘ ഡോക്യുമെന്ററി ഇവിടെ കാണാം.

ഇന്ന് ഗൗരിയമ്മയുടെ മരണവാർത്ത പുറത്തു വന്നതിന് ശേഷം സമൂഹ മാദ്ധ്യമങ്ങളിലും, ദൃശ്യ മാദ്ധ്യങ്ങളിലും നിരന്തരം സംപ്രേഷണം ചെയ്‌തു കൊണ്ടിരിക്കുന്ന രംഗങ്ങളിൽ വലിയൊരു ഭാഗവും ഈ ഡോക്യുമെന്ററിയിൽ നിന്നെടുത്തതാണ്. ആധുനിക രാഷ്‌ട്രീയ കേരളത്തിന് ലഭിച്ച ഏറ്റവും ശക്‌തയായ വനിതയുടെ ഓർമകളിലൂടെ സഞ്ചരിക്കുന്ന ഈ ഹ്രസ്വചിത്രം എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒന്നാവുമെന്ന് സംവിധായകനും പ്രത്യാശ പ്രകടിപ്പിക്കുന്നു.

Read Also: ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE