പാലക്കാട്: നഗരസഭയിൽ സ്ഥാനം ഏറ്റെടുത്ത അധ്യക്ഷക്കും ഉപാധ്യക്ഷനും ആശംസകളുമായി എത്തിയ ബിജെപി കൗൺസിലർ വിവാദത്തിൽ. ഇരുവർക്കും ജാതിപ്പേര് പറഞ്ഞ് ആശംസകളുമായി രംഗത്തെത്തിയ വാർഡ് കൗൺസിലർ വിഎസ് മിനിമോളാണ് കുടുങ്ങിയത്.
“പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാൻ ആയി ഇ കൃഷ്ണദാസ് (നായർ സമുദായം), ചെയർ പേഴ്സൺ പ്രിയ അജയൻ (മൂത്തോൻ സമുദായം) എന്നിവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു” എന്നായിരുന്നു മിനിമോളുടെ ഫേസ്ബുക്ക് പോസ്റ്റ്. കൗൺസിലറുടെ കുറിപ്പ് വിവാദമായതോടെ മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് എഡിറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പട്ടാമ്പി താലൂക്കിലെ കൊപ്പം വാർഡിൽ നിന്ന് വിജയിച്ച സ്ഥാനാർഥിയാണ് മിനിമോൾ.
നേരത്തെ ചെയർ പേഴ്സൺ സ്ഥാനം ലഭിക്കാത്തതിൽ മിനിമോൾ പ്രതിഷേധം അറിയിച്ചിരുന്നു. നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാൽ രഹസ്യ ബാലറ്റ് മതിയെന്ന് മിനിമോൾ ആവശ്യപ്പെട്ടു. തുടർന്ന്, രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
Also Read: ചാവക്കാട് സംഘർഷം; 5 സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു