കാസർഗോഡ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റർ വരെ താഴ്ന്നതായി പരിശോധനയിൽ കണ്ടെത്തി. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചതിൽ 3 എണ്ണത്തിൽ മാത്രമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധന കണ്ടെത്തിയത്. ബാക്കി 18 എണ്ണത്തിലും ജലനിരപ്പ് വളരെയധികം താഴ്ന്നതായാണ് പരിശോധനയിൽ വ്യക്‌തമായത്.
കഴിഞ്ഞ 10 വർഷത്തെ ശരാശരിയേക്കാൾ വലിയ കുറവാണ് ജലനിരപ്പിൽ ഉണ്ടായിരിക്കുന്നത്. വൊർക്കാടി പഞ്ചായത്തിലാണ് ജലനിരപ്പ് ഏറ്റവും കൂടുതൽ കുറഞ്ഞത് (2.6 മീറ്റർ). കുറ്റിക്കോൽ പഞ്ചായത്തിലെ ബേത്തൂർപ്പാറയിൽ 2.4 മീറ്ററും, ബന്തടുക്കയിൽ 1.9 മീറ്ററും കുറഞ്ഞു.
കുഴൽ കിണർ റിച്ചാർജ് വ്യാപകമായി നടപ്പിലാക്കിയിട്ടും ജലനിരപ്പ് കുറഞ്ഞത് ഗൗരവത്തോടെയാണ് കാണുന്നത്. എന്നാൽ കിണറുകളിൽ മുൻ വർഷത്തെ ശരാശരിയേക്കാൾ ജലനിരപ്പ് വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ മാസത്തിലെ വേനൽമഴയാണ് ഈ വർധനവിന് കാരണമെന്ന് വിലയിരുത്തുന്നു.
ഭൂജല വകുപ്പിന്റെ രേഖകൾ പ്രകാരം കാസർഗോഡ് ബ്ളോക്ക് വരൾച്ചാ സാധ്യത ഏറ്റവും കൂടുതലുള്ള ക്രിട്ടിക്കൽ ബ്ളോക്കാണ്. കാഞ്ഞങ്ങാട്, കാറഡുക്ക, മഞ്ചേശ്വരം ബ്ളോക്കുകൾ സെമി ക്രിട്ടിക്കൽ ഏരിയ ആണ്.
മഴവെള്ളം റീചാർജ് ചെയ്യുക മാത്രമാണ് കുഴൽ കിണറുകളിലെ ജലനിരപ്പ് ഉയർത്താനുള്ള ഏക പോംവഴിയെന്ന് ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഒ രതീഷ് പറഞ്ഞു. ജില്ലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തടയണ നിർമാണങ്ങളും മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങളും ശക്‌തമായി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ റിപ്പോർട് ഓർമിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Malabar News: ബഫർ സോൺ; കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞ് ഞെട്ടിയെന്ന് രാഹുൽ ഗാന്ധി