കണ്ണൂർ: തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വലത് കാലിലും തുടയ്‌ക്കും മാരകമായ നാല് വെട്ടുകൾ ഏറ്റു. ഇരുകൈകളിലും ഗുരുതരമായി വെട്ടേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ബിജെപി കൗൺസിലർ ഉൾപ്പടെ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിലായി. ഇവർ ഉൾപ്പടെ ഏഴ് പേരാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്.
വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് അറസ്‌റ്റ്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡണ്ടും തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്‌റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സിപിഎം പ്രവർത്തകനും പുന്നോൽ സ്വദേശിയുമായ ഹരിദാസിനെയാണ് ഇന്നലെ പുലർച്ചെ തലശേരി ന്യൂമാഹിക്കടുത്ത് വെട്ടിക്കൊന്നത്.
പുന്നോൽ കൂലോത്ത് ഭഗവതി ക്ഷേത്രത്തിലെ ഉൽസവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ തലശേരി ബിജെപി കൗൺസിലർ നേരത്തെ നടത്തിയ ഭീഷണിപ്രസംഗം പുറത്ത് വന്നു. നിലവിൽ അറസ്‌റ്റിലായ കൗൺസിലർ കെ ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവർത്തകരുടെ മേൽ കൈവച്ചാൽ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.
Most Read: അഭയകേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍