ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ഗ്രാമത്തില്‍ പ്രതിഷേധം. പ്രതികള്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പ്രാദേശികമായി വലിയ ഭീഷണിയാണ് ഉയരുന്നത്. ഇതേ സാഹചര്യത്തില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെയും സഹോദരങ്ങളെയും നുണ പരിശോധനക്ക് വിധേയരാക്കണം എന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഹത്രസില്‍ പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്‌ത നാല് പേരെ അനുകൂലിച്ച് കൊണ്ട് ഇപ്പോള്‍ പലരും രംഗത്ത് വരുന്നുണ്ട്. ബിജെപി മുന്‍ എംഎല്‍എ ആയ രാജ് വീര്‍ സിംഗ് പഹല്‍വാനാണ് ആദ്യം പ്രതികളെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇതൊരു ദുരഭിമാന കൊലയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപണം ഉന്നയിച്ചു. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തില്‍ ആയിരുന്നുവെന്നും തങ്ങളുമായി വിരോധത്തിലുള്ള ആളുടെ മകനുമായുള്ള മകളുടെ ബന്ധം വീട്ടുകാരെ പ്രകോപിപ്പിച്ചെന്നും ഇതാണ് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കാന്‍ ഉണ്ടായ കാരണമെന്നും രാജ് വീര്‍ സിംഗ് ആരോപിച്ചു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ പ്രതികളുടെ അഭിഭാഷകരും രംഗത്ത് വന്നിട്ടുണ്ട്. ബലാല്‍സംഗം നടന്നുവെന്ന് പറയുന്ന സമയത്ത് പ്രതികളില്‍ ഒരാള്‍ ജോലി ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും വീട്ടുകാരെ ഉടന്‍ തന്നെ നുണ പരിശോധനക്ക് വിധേയരാക്കണമെന്നും പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ വലിയ രീതിയിലുള്ള പ്രതിഷേധം ഗ്രാമത്തില്‍ ഉയരുന്നുണ്ട്. ഇതോടെ കുടുംബത്തിന്റെ സംരക്ഷണം പോലീസ് കൂട്ടിയിട്ടുണ്ട്. വീട്ടുകാരുടെ സുരക്ഷക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്‌ഥരെ ഗ്രാമത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്.
Read also : എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്