ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി പ്രതികളിൽ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന വാദം പെണ്‍കുട്ടിയുടെ കുടുംബം നിഷേധിച്ചു. കൂടാതെ അമ്മയും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ മര്‍ദ്ധിച്ചതെന്ന ആരോപണവും കുടുംബാംഗങ്ങള്‍ നിഷേധിച്ചു. പ്രതികളില്‍ ഒരാളായ സന്ദീപ് മാസങ്ങളായി കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു എന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു.
പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തില്‍ ആയിരുന്നെന്നും ആ ബന്ധം ഇഷ്‌ടമല്ലാത്ത പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ദുരഭിമാനക്കൊലക്ക് ഇരയാക്കിയതാണെന്നും പ്രതികളില്‍ ഒരാള്‍ ആരോപിച്ചിരുന്നു. അലിഗഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ യുപി മുഖ്യമന്ത്രിക്കും ഹത്രസ് എസ്‍പിക്കും എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. പെണ്‍കുട്ടി താനുമായി പ്രണയത്തില്‍ ആയിരുന്നെന്നും സംഭവ ദിവസം വയലില്‍ വച്ച് കണ്ടുമുട്ടിയ തന്നെയും പെണ്‍കുട്ടിയെയും വീട്ടുകാര്‍ മര്‍ദ്ധിച്ചെന്നുമാണ് പ്രതികളില്‍ ഒരാള്‍ കത്തില്‍ വ്യക്‌തമാക്കുന്നത്. സഹോദരന്റെ മര്‍ദ്ദനമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
പ്രതികളുടെ അഭിഭാഷകരും ഇതേ വാദങ്ങള്‍ തന്നെയാണ് മുന്നോട്ട് വെക്കുന്നത്. ശത്രുതയില്‍ കഴിയുന്നയാളുടെ മകനുമായുള്ള മകളുടെ പ്രണയം വീട്ടുകാരെ പ്രകോപിപ്പിച്ചുവെന്നും തുടര്‍ന്നുള്ള മര്‍ദ്ദനമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നും അഭിഭാഷകരും ആരോപിക്കുന്നുണ്ട്. കൂടാതെ ബലാൽസംഗം നടന്നുവെന്ന് പറയുന്ന സമയത്ത് പ്രതികളിലൊരാള്‍ ഫാക്‌ടറിയില്‍ ജോലി ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും അഭിഭാഷകര്‍ പറയുന്നുണ്ട്.
Read also : എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്