അന്ന് നിർഭയക്ക് വേണ്ടി, ഇന്ന് ഹത്രസിലെ മകൾക്കായ്; നീതിയിലേക്കുള്ള വഴിയിൽ വീണ്ടും സീമ

By News Desk, Malabar News
Seema Kushwaha is the lawer of hathras case
Seema Kushwaha
Ajwa Travels

ന്യൂഡെൽഹി: ഇന്നും ലോകമനസാക്ഷിയുടെ വിങ്ങലായി തുടരുന്ന നിർഭയ പെൺകുട്ടിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശേഷം ഹത്രസിലെ ഇരുപതുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കാപാലിക കൂട്ടത്തിന് തൂക്കുകയർ നേടിക്കൊടുക്കാനുള്ള പോരാട്ടം അഭിഭാഷക സീമാ കുശ്വാഹ ആരംഭിച്ചു. ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിന് മുന്നിൽ ഹത്രസ് കുടുംബത്തിന് വേണ്ടി സീമ വാദിച്ചു തുടങ്ങി. 2012 ൽ നിർഭയയുടെ അമ്മയുടെ കണ്ണീരിന് പിന്തുണയായും അവരുടെ ഉറച്ച മനശക്‌തിക്ക് കരുത്തായുമാണ് സീമ കോടതിയിൽ നിന്നതെങ്കിൽ ഇന്ന് സ്വന്തം മകളായി കണ്ടാണ് ഹത്രസ് പെൺകുട്ടിക്ക് വേണ്ടി വാദിക്കുന്നത്.

‘എന്റെ പോരാട്ടം ഹത്രസിലെ മകൾക്ക് വേണ്ടിയാണ്.അവൾക്ക് നീതി ലഭ്യമാക്കാൻ, അതുപോലെ സ്‌ത്രീ സുരക്ഷയിൽ ശക്‌തമായ നിയമങ്ങൾ ഉരുത്തിരിയുന്നതിനും’- കോടതിമുറിയിൽ സീമ പറഞ്ഞ വാക്കുകൾ നീതി നേടും എന്ന അവരുടെ വിശ്വാസം പോലെ തന്നെ ശക്‌തമായിരുന്നു. ഹത്രസ് കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ കോടതിയിൽ ആവശ്യപ്പെട്ടു. അതിനോടൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന് ശക്‌തമായ സുരക്ഷ ഉറപ്പാക്കണമെന്നും സീമ പറഞ്ഞു.

നിർഭയ കേസിലെ സമാന സംഭവം തന്നെയാണ് ഹത്രസിലും സംഭവിച്ചത്. രണ്ട് പെൺകുട്ടികൾക്കും ആശുപത്രി കിടക്കയിൽ വെച്ച് ജീവൻ വെടിയേണ്ട ദുർഗതിയാണ് ഉണ്ടായത്. അതിക്രൂരമായ പീഡനത്തിന് ഇരയായി ജീവൻ വെടിഞ്ഞെങ്കിലും ഹത്രസ് പെൺകുട്ടിയുടെ ചേതനയറ്റ ശരീരത്തിന് നേരിടാൻ ഇനിയും ക്രൂരതകൾ ബാക്കിയുണ്ടായിരുന്നു. അർധരാത്രി മാതാപിതാക്കളെയും ബന്ധുക്കളെയും പൂട്ടിയിട്ട് അവളുടെ ശരീരം പോലീസ് കത്തിച്ചു. അന്ത്യകർമങ്ങൾ പോലും അവൾക്ക് നിഷേധിച്ചു. ഈ നീതി നിഷേധം തന്നെയാണ് ഹത്രസിലേക്ക് സീമയെ എത്തിച്ചത്.

ഉത്തർപ്രദേശിലെ ഇറ്റാവാ ജില്ലയിലെ ഉർഗപൂർ സ്വദേശിയായ സീമ 2014 മുതൽ സുപ്രീം കോടതി അഭിഭാഷകയാണ്. 2012 ഡിസംബർ 16 ന് ക്രൂര ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പാരാമെഡിക്കൽ വിദ്യാർഥിയാണ് നിർഭയ എന്ന് രാജ്യം വിളിച്ച പെൺകുട്ടി. 2012 ൽ കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും 2014 ലാണ് സീമ കുശ്വാഹ നിർഭയാ കേസ് ഏറ്റെടുക്കുന്നത്. പിന്നീടങ്ങോട്ട് നീണ്ട ഏഴ് വർഷ കാലത്തോളം വിചാരണക്കോടതിയിൽ നിർഭയക്ക് വേണ്ടി എല്ലാ സ്‌ത്രീകളുടേയും ശബ്‌ദമായി സീമയുടെ ശബ്‌ദം ഉയർന്നു കേട്ടു. നിർഭയക്കും അവളുടെ മാതാപിതാക്കൾക്കും നീതി ലഭിക്കുന്ന തരത്തിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നേടിക്കൊടുക്കുന്നത് വരെ സീമ പോരാടി.

Also Read: ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി

സുപ്രീം കോടതിയും രാഷ്‍ട്രപതിയും ദൈവങ്ങളല്ലെന്നും ആർക്ക് വേണമെങ്കിലും തെറ്റ് പറ്റാമെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ.എ.പി സിങ് വാദിച്ചപ്പോൾ വധശിക്ഷ നടപ്പാക്കുന്നതിലേക്ക് നമ്മൾ അടുക്കുകയാണെന്ന വിശ്വാസത്തിൽ സീമ ഉറച്ചുനിന്നു. ഒടുവിൽ 2020 മാർച്ച് 20 ന് പുലർച്ചെ അഞ്ചരക്ക് തിഹാർ ജയിലിൽ നിർഭയാ കേസിലെ കൊടും കുറ്റവാളികളായ നാല് പ്രതികളെ തൂക്കിലേറ്റുന്നത് വരെ സീമ ആ വിശ്വാസം കാത്തുസൂക്ഷിച്ചു.

നിർഭയയുടെ മാതാപിതാക്കൾക്കൊപ്പം സീമ

ഹത്രസ് പെൺകുട്ടിക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങുന്നത് പീഡനത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ വാങ്ങി നൽകാൻ മാത്രമല്ല, മറിച്ച് അധികാര വർഗം അടിച്ചമർത്തിയ, തുടർച്ചയായി നീതി നിഷേധിക്കപ്പെട്ട, ആരോപണങ്ങൾ നേരിടേണ്ടി വന്ന, ഭീഷണികൾ കൊണ്ട് അശരണരായ പെൺകുട്ടിയുടെ കുടുംബത്തിന് അർഹിക്കുന്ന നീതി നേടിക്കൊടുക്കാൻ വേണ്ടിയുമാണെന്ന് സീമ പറയുന്നു.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE