കാലിഫോർണിയ: ലോക്‌സഭയിൽ നിന്നും തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, അയോഗ്യനാക്കിയതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചതായും രാഹുൽ വിശദീകരിച്ചു. കാലിഫോർണിയയിലെ സ്‌റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ ഇന്ത്യൻ വിദ്യാർഥികളുമായി സംവദിക്കവേയാണ് രാഹുലിന്റെ പരാമർശം.
‘2000 ത്തിലായിരുന്നു എന്റെ രാഷ്‌ട്രീയ പ്രവേശം. ഞാൻ ഇത്തരം അവസ്‌ഥകളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് അന്ന് ചിന്തിച്ചിരുന്നില്ല. പക്ഷേ, എന്നെ അയോഗ്യനാക്കിയത് വലിയൊരു അവസരമാണ് തുറന്നത്. രാഷ്‌ട്രീയത്തിലെ കാര്യങ്ങൾ ഇങ്ങനെയാണ്’- രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയെ കുറിച്ചും രാഹുൽ വിദ്യാർഥികളുമായി സംസാരിച്ചു.
രാജ്യത്ത് ജനാധിപത്യപരമായ പോരാട്ടം നടത്താൻ പ്രതിപക്ഷത്തിന് കഴിയാത്ത അവസ്‌ഥയായിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പാണ് ‘നാടകം’ ആരംഭിച്ചത്. പ്രതിപക്ഷം രാജ്യത്ത് പ്രതിസന്ധി നേരിട്ടിരുന്നു. ഈ അവസരത്തിലാണ് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചതെന്ന് രാഹുൽ വെളിപ്പെടുത്തി.
ഇന്ത്യയിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ ഇവിടെയുണ്ട്. അവരുമായി ബന്ധം സ്‌ഥാപിക്കാനും സംസാരിക്കാനും എനിക്ക് താൽപര്യമുണ്ട്. അതെന്റെ കടമയുമാണ്. ഇത്തരം വിദേശ യാത്രകളിൽ ഞാൻ ആരുടെയും പിന്തുണ തേടാറില്ല. ‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇവിടെ വരാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല’ എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പത്ത് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് രാഹുൽ ഗാന്ധി യുഎസിൽ എത്തിയത്.
Most Read: കണ്ണൂർ ട്രെയിൻ തീപിടിത്തം; പരിശോധന നടത്തി എൻഐഎ സംഘം