‘പുഷ്‌പം’ പോലെ വാക്‌സിൻ നൽകി പുഷ്‌പലത; അഭിനന്ദിക്കാൻ മന്ത്രി നേരിട്ടെത്തി

By News Desk, Malabar News
Nurse_Pushpalatha
Ajwa Travels

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം നാം തുടരുകയാണ്. മഹാമാരിയുടെ ആരംഭം മുതൽ തന്നെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ സേവനം നമുക്ക് വിലമതിക്കാത്തതാണ്. പ്രത്യേകിച്ച് ‘ഭൂമിയിലെ മാലാഖമാർ’ എന്ന് നാം വിശേഷിപ്പിക്കുന്ന നഴ്‌സുമാർ. ഇപ്പോൾ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയ ഒരു ‘മാലാഖയാണ്’ ശ്രദ്ധ നേടുന്നത്.

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സായ പുഷ്‌പലതയാണ് ആ മാലാഖ. ഏഴര മണിക്കൂർ കൊണ്ട് 893 പേർക്ക് വാക്‌സിൻ നൽകി റെക്കോർഡ് തീർത്താണ് പുഷ്‌പലത വാർത്തകളിൽ ഇടം നേടിയത്. വാക്‌സിനേഷൻ പൂർത്തിയായപ്പോഴാണ് ഇത്രയും ആളുകൾക്ക് താൻ വാക്‌സിൻ നൽകിയെന്ന കാര്യം പുഷ്‌പലത അറിയുന്നത് എന്നതാണ് രസകരമായ കാര്യം.

ഓഗസ്‌റ്റ്‌ 15ന് ഈ റെക്കോർഡ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നടത്തിയ പുഷ്‌പലതയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തി. പുഷ്‌പലതയെ മന്ത്രി പൊന്നാട അണിയിക്കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു. പേരും മുഖവും അറിയാത്ത, ആരുമറിയാതെ കഷ്‌ടപ്പെടുന്ന ഒരുപാട് ആരോഗ്യപ്രവർത്തകർ ആരോഗ്യവകുപ്പിനുണ്ടെന്ന് മന്ത്രി പറയുന്നു. നമ്മുടെ സിസ്‌റ്റത്തെ മുന്നോട്ട് നയിക്കുന്നത് അവരാണ്. അവർക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തന്നെ കാണാൻ മന്ത്രി നേരിട്ടെത്തിയതിന്റെ സന്തോഷം അടക്കാനാകാതെ ആയിരുന്നു പുഷ്‌പലതയുടെ നിൽപ്. വളരെ കഷ്‌ടപ്പെട്ടാണ് തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്‌പലത മന്ത്രിയോട് പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സിങ് പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്‌മാർഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്‌പലത പറഞ്ഞു.

health minister visits nurse pushpalatha in chengannur hospital

ടീം വര്‍ക്കാണ് തന്റെ പിന്‍ബലമെന്ന് പുഷ്‌പലത പറയുന്നു. ജെഎച്ച്‌ ഐമാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്‌റ്റാഫ്‌ നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണ് ടീമിലുള്ളത്. അവരേയും മന്ത്രി അഭിനന്ദിച്ചു. ജോലിയിൽ ആള് കുറവുള്ള ദിവസമായിരുന്നു പുഷ്‌പലതയുടെ റെക്കോർഡ് വാക്‌സിനേഷൻ നടന്നത്. സംഭവം അടുത്ത സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. പിന്നീടാണ് സംസ്‌ഥാനതലത്തിൽ ഇത്രയും വാക്‌സിൻ ഒരാൾ ഒരുദിവസം നൽകിയിട്ടില്ലെന്ന വിവരം പുഷ്‌പലതയും അറിയുന്നത്.

health minister visits nurse pushpalatha in chengannur hospitalജെപിഎച്ച്‌എൻ സംഘടന ഇക്കാര്യം ഔദ്യോഗിക വാട്സാപ്‌ ഗ്രൂപ്പുകളിലടക്കം വ്യക്‌തമാക്കി. ഓട്ടോഡിസേബിൾ സിറിഞ്ചുകളിലാണ് പുഷ്‌പലത കൊവാക്‌സിൻ ഡോസുകൾ നൽകിയത്. അഞ്ചുമില്ലി കൃത്യമായെടുക്കാൻ ഇത് സഹായമായി. കൂടുതലളവിൽ മരുന്നുവരാതിരിക്കാനുള്ള സംവിധാനവുമുണ്ട്. ഒരാൾക്കു ശരാശരി 20-30 നിമിഷത്തിനുള്ളിലാണ് വാക്‌സിൻ നടപടികൾ പൂർത്തിയാക്കിയത്.

പ്രൊഫഷണൽ സ്‌റ്റേജ് ആർട്ടിസ്‌റ്റ് കൂടിയായ പുഷ്‌പലത സ്വാതിതിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം പാസായിട്ടുണ്ട്. അഭിനന്ദിക്കാനെത്തിയ മന്ത്രിയുടെ സാന്നിധ്യത്തിൽ പുഷ്‌പലത ഒരു പാട്ടും പാടി. ‘ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ, നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ’ എന്ന് തുടങ്ങുന്ന ഗാനം പാടിത്തുടങ്ങിയപ്പോൾ തന്നെ പുഷ്‌പലതയുടെ കണ്ണ് നിറഞ്ഞിരുന്നു, പിന്നാലെ നിറഞ്ഞ കയ്യടികളും.

health minister visits nurse pushpalatha in chengannur hospital

Most Read: ‘ശാകുന്തളം’ 5 ഭാഷകളിൽ; സമന്തയുടെ നായകനായി ‘കേരളക്കരയുടെ സൂഫി’ ദേവ് മോഹന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE