കോഴിക്കോട്: സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്‌തമായ മഴയ്‌ക്കൊപ്പം കാറ്റും ഉണ്ടായി. കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്. പേരാമ്പ്രയിൽ മിന്നൽ ചുഴലിയും നാദാപുരത്തും വളയത്തും ശക്‌തമായ മഴയുമാണ് അനുഭവപ്പെട്ടത്.
പേരാമ്പ്രയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. റോഡിന് സമീപം പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കും മരങ്ങൾ വീണു. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. മരങ്ങൾ വീണത് കാരണം ഗതാഗത തടസവും നേരിട്ടു. ഫയർഫോഴ്‌സ് എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
ശക്‌തമായ മഴയിൽ കല്ലാച്ചി ടൗണിൽ വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്‌ഥാന പാതയിൽ ഗതാഗത തടസമുണ്ടായി. നാദാപുരം വിലങ്ങാട് മേഖലയിലും ശക്‌തമായ മഴ പെയ്‌തു. താമരശ്ശേരി മേഖലയിലും മഴ ലഭിച്ചു.
അടുത്ത അഞ്ചുദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ലക്ഷദ്വീപിന് മുകളിലേക്ക് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ തുടരുന്നത്.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി





































